കോർപ്പറേറ്റ് നികുതി ബാധകമായ ബിസിനസുകളോട് റിട്ടേണുകൾ ഫയൽ ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ അതത് നികുതി കാലയളവിനുള്ള കുടിശ്ശിക അടയ്ക്കാനും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവശ്യപ്പെട്ടു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ഫെബ്രുവരി 29-നോ അതിനുമുമ്പോ അവസാനിച്ച കോർപ്പറേറ്റ് നികുതിക്ക് വിധേയമായ ബിസിനസുകൾ 2024 ഡിസംബർ 31-ന് മുൻപായി നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും, അവരുടെ നികുതി കാലയളവിനായി അടയ്ക്കേണ്ട കോർപ്പറേറ്റ് നികുതി അടയ്ക്കാനും FTA ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് FTA ഒരു പ്രത്യേക പ്രസ്താവന പുറത്തിറക്കിയിരുന്നു.
നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും കോർപ്പറേറ്റ് നികുതി തീർപ്പാക്കുന്നതിനുമുള്ള സമയപരിധി നീട്ടിവെക്കുന്നത് സംബന്ധിച്ച് 2024 സെപ്റ്റംബറിൽ FTA ഒരു തീരുമാനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ FTA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ബിസിനസ് മേഖലകളിലുടനീളം സ്വമേധയാ ഉള്ള നികുതി പാലിക്കൽ എളുപ്പത്തിലും കാര്യക്ഷമതയിലും പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള FTA-യുടെ പ്രതിബദ്ധതയുടെ ഭാഗമായാണിത്.
ഓരോ നികുതി കാലയളവിനും നിശ്ചിത സമയപരിധിക്കുള്ളിൽ നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം FTA ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി ഊന്നിപ്പറഞ്ഞു. കോർപ്പറേറ്റ് ടാക്സിനായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ബിസിനസുകളും കോർപ്പറേറ്റ് നികുതി നിയമപ്രകാരം FTA നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ അവരുടെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
WAM