ഒമാൻ: ജനുവരി 25 വരെ ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 25, വെള്ളിയാഴ്ച വരെ ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജനുവരി 20-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 21, ചൊവ്വാഴ്ച മുതൽ 2025 ജനുവരി 25, വെള്ളിയാഴ്ച വരെ ഒമാനിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാറ്റ് ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ചൊവാഴ്ച മുതൽ മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങൾ, ഒമാൻ കടലിന്റെ തീരമേഖലകൾ തുടങ്ങിയ ഇടങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ബുധനാഴ്ച മുതൽ അറബി കടലിന്റെ തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകുമെന്നും, മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കാറ്റ് മൂലം ഒമാനിലെ മരുഭൂപ്രദേശങ്ങളിലും, മറ്റു തുറസായ ഇടങ്ങളിലും പൊടിക്കാറ്റിനും, മണൽക്കാറ്റിനും സാധ്യതയുണ്ട്. ഇതോടൊപ്പം അന്തരീക്ഷ താപനില താഴുന്നതിനും സാധ്യതയുണ്ട്.