യു എ ഇ: അബുദാബി – ദുബായ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചു

GCC News

അബുദാബി, ദുബായ് എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഒരു അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചു.

ഇത്തിഹാദ് റെയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2025 ജനുവരി 23-നാണ് ഈ പദ്ധതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ വകുപ്പ് മന്ത്രിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പദ്ധതിയുടെ പ്രഖ്യാപനം.

Source: Abu Dhabi Media Office.

അബുദാബിയിലെ അൽ ഫയാ ഡിപ്പോയിൽ വെച്ചായിരുന്നു ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.

Source: Dubai Media Office.

കേവലം മുപ്പത് മിനിറ്റ് കൊണ്ട് അബുദാബിയിൽ നിന്ന് ദുബായിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭാഗമായി മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുന്ന ട്രെയിനുകളാണ് ഉപയോഗിക്കുകയെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Source: Abu Dhabi Media Office.

ഈ പദ്ധതിയുടെ വികസനം, നടത്തിപ്പ് എന്നിവ ഇത്തിഹാദ് റെയിലിന്റെ മേൽനോട്ടത്തിലായിരിക്കും നടപ്പിലാക്കുന്നത്. അടുത്ത അഞ്ച് ദശവർഷങ്ങൾക്കിടയിൽ യു എ ഇയുടെ ജിഡിപി വരുമാനയിനത്തിലേക്ക് ഏതാണ്ട് 145 ബില്യൺ ദിർഹം സംഭാവന ചെയ്യുന്നതിന് ഈ പദ്ധതി കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Abu Dhabi Media Office.

യു എ ഇയിലെ ചരക്ക് ഗതാഗതത്തിനുള്ള ട്രെയിനുകൾ ഉപയോഗിക്കുന്ന റയിൽ പാതകളിലൂടെ സർവീസ് നടത്തുന്ന തരത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള അതിവേഗ റെയിൽ പദ്ധതി.

അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലായിരിക്കും ഈ പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ നാല് റെയിൽ സ്റ്റേഷനുകൾ. ഈ റെയിൽ സ്റ്റേഷനുകളെ മെട്രോ, ബസ് ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതാണ്.