ഖത്തർ: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു

featured GCC News

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് നിയമപരമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങുന്നതിന് അവസരമൊരുക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 8-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത് പ്രകാരം ഖത്തറിലെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി, എക്സിറ്റ്, റെസിഡൻസി തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള ’21/ 2015′ എന്ന നിയമം ലംഘിച്ചിട്ടുള്ളവർക്ക് നിയമപരമായി ഖത്തറിൽ നിന്ന് മടങ്ങുന്നതിന് ഈ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

മൂന്ന് മാസത്തെ ഈ പൊതുമാപ്പ് കാലാവധി 2025 ഫെബ്രുവരി 9, ഞായറാഴ്ച മുതൽ ഖത്തറിൽ പ്രാബല്യത്തിൽ വരുന്നതാണ്. എൻട്രി വിസ കാലാവധി അവസാനിച്ച ശേഷവും ഖത്തറിൽ തുടരുന്നവർ, റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ പദ്ധതിയുടെ കീഴിൽ ഖത്തറിൽ നിന്ന് നിയമപരമായി തിരികെ മടങ്ങുന്നതിന് ആഗ്രഹിക്കുന്ന റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള വ്യക്തികൾക്ക് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലോ അല്ലെങ്കിൽ സൽവ റോഡിലുള്ള സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർട്മെന്റിലോ (ഉച്ചയ്ക്ക് 1 മണിമുതൽ രാത്രി 9 മണിവരെ) നേരിട്ടെത്തി പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താവുന്നതാണ്.