യു എ ഇ: ഗാർഹിക ജീവനക്കാരുടെ വേതന വിതരണം WPS സംവിധാനത്തിലൂടെയാക്കാൻ തീരുമാനം

GCC News

ഗാർഹിക ജീവനക്കാരുടെ വേതന വിതരണം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെയാക്കാൻ (WPS) തീരുമാനിച്ചതായി യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു. 2025 ഏപ്രിൽ 6-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ഉൾപ്പടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്. മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിലുള്ള ഗാർഹിക ജീവനക്കാരുടെ ശമ്പളം ബാങ്കുകൾ, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, മറ്റു അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി നൽകാനാകുന്നതാണ്.

ഇതിന്റെ കീഴിൽ ഗാർഹിക ജീവനക്കാരുടെ വേതനം ബാങ്ക്, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, യു എ ഇ സെൻട്രൽ ബാങ്ക് അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ ക്യാഷ് ട്രാൻസ്ഫറായോ, ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ സ്മാർട്ട് ആപ്പുകളിലൂടെ ഇലക്ട്രോണിക് ട്രാൻസ്ഫറായോ അയക്കാനാകുന്നതാണ്.

നിലവിൽ പ്രൈവറ്റ് ട്രെയിനർ, പ്രൈവറ്റ് ടീച്ചർ, ഹോം കെയർഗിവർ, പ്രൈവറ്റ് റെപ്രസന്റേറ്റീവ്, പ്രൈവറ്റ് അഗ്രിക്കൾച്ചറൽ എൻജിനീയർ എന്നീ അഞ്ച് തൊഴിൽപദവികൾക്ക് WPS സംവിധാനത്തിലൂടെയുള്ള ശമ്പള വിതരണം നിർബന്ധമാണ്. ഇത്തരം തൊഴിൽ പദവികളിലുള്ള ഗാർഹിക ജീവനക്കാർക്ക് ഈ WPS സംവിധാനത്തിലുള്ള രജിസ്‌ട്രേഷൻ നിർബന്ധമാണ്.

ഹൌസ്കീപ്പർ, സെയിലർ, നാനി, കുക്ക്, ഗാർഡ്, പ്രൈവറ്റ് ഡ്രൈവർ, ഷെപ്പേർഡ്, സ്റ്റേബിൾമാൻ, ലേബറർ, മെയ്ഡ്, ഫാർമർ, ഗാർഡ്നർ എന്നീ പദവികളിലുള്ള ജീവനക്കാർക്ക് ആവശ്യമെങ്കിൽ ശമ്പള വിതരണത്തിനായി WPS സംവിധാനം തിരഞ്ഞെടുക്കാവുന്നതാണ്.