സൗദി: ഔദ്യോഗിക പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്

GCC News

ഔദ്യോഗിക പെർമിറ്റുകളില്ലാത്ത വ്യക്തികൾക്ക് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. 2025 ഏപ്രിൽ 18-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്.

ഹജ്ജ് തീർത്ഥാടകർക്ക് പെർമിറ്റ് നിർബന്ധമാണെന്നും, പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഔദ്യോഗിക പെർമിറ്റുകൾ നുസൂക് സംവിധാനത്തിൽ നിന്ന് ലഭ്യമാണ്.

മുഴുവൻ തീർത്ഥാടകർക്കും സുഗമമായ ഒരു ഹജ്ജ് തീർത്ഥാടന അനുഭവം ഉറപ്പാക്കുന്നതിനായാണ് ഇത്തരം നിയന്ത്രണങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നത് ഹജ്ജ് നിബന്ധനകളുടെ ലംഘനമായി കണക്കാക്കുന്നതാണ്.

ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഒഴികെയുള്ള ഒരു രേഖകളും, മറ്റു തരത്തിലുള്ള വിസകളും ഉപയോഗിച്ച് കൊണ്ട് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.