കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അവശ്യ വസ്തുക്കൾക്ക് അമിതമായി വില വർദ്ധിപ്പിച്ച് ചൂഷണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് ഇക്കോണമി അധികൃതർ. നിത്യോപയോഗ സാധനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് അമിത വില ഈടാക്കിയ 9 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ പിഴ ചുമത്തി.
അൽ ഖൂസ്, അൽ വർഖ, അൽ സബ്ക തുടങ്ങിയ ഇടങ്ങളിൽ 5 ഫർമസികൾക്കും, ഒരു സൂപ്പർ മാർക്കറ്റിനും, ഒരു ട്രേഡിങ്ങ് കമ്പനിക്കും എതിരെ ഫേസ് മാസ്കുകൾക്ക് അമിത വില ഈടാക്കിയതിനു നടപടിയെടുത്തു. ഓൺലൈനിലൂടെ ആവശ്യ വസ്തുക്കൾ വിലകൂട്ടി കച്ചവടം ചെയ്ത ഒരു ഇ-കോമേഴ്സ് സ്ഥാപനത്തിനെതിരെയും നടപടി കൈക്കൊണ്ടതായി ദുബായ് ഇക്കോണമി അധികൃതർ വ്യക്തമാക്കി.
ഈ സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ ലഭിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. നിലവിൽ പിഴ ചുമത്തപ്പെട്ട ഈ സ്ഥാപനങ്ങൾ ഇത്തരം ചൂഷണങ്ങൾ തുടർന്നാൽ ഇരട്ടി പിഴയും, ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ദുബായിൽ അമിതമായി വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് കൺസ്യൂമർ റൈറ്സ് വെബ്സൈറ്റിലൂടെ പരാതികൾ അറിയിക്കാവുന്നതാണ്.