സൗദി അറേബ്യ: യാത്രാ സേവനങ്ങൾ നൽകുന്നവർ ഹജ്ജ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്

GCC News

ഹജ്ജ് പെർമിറ്റ് ഇല്ലാത്ത വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മക്കയിലുൾപ്പടെ യാത്രാ സേവനങ്ങൾ നൽകുന്ന മുഴുവൻ സ്ഥാപനങ്ങളും ഹജ്ജ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹജ്ജ് പെർമിറ്റ് അല്ലെങ്കിൽ മക്കയിലെ റെസിഡൻസ് എൻട്രി പെർമിറ്റ്, സാധുതയുള്ള വർക് പെർമിറ്റ് എന്നിവ ഇല്ലാത്ത യാത്രികർക്ക് മക്കയിലേക്കും, മറ്റു പുണ്യ സ്ഥാനങ്ങളിലേക്കും യാത്രാ സേവനങ്ങൾ നൽകരുതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

ഈ നിയമങ്ങൾ 2025 എപ്രിൽ 29 മുതൽ പ്രാബല്യത്തിൽ വന്നതായും, മക്കയിലെ തിരക്ക് കുറയ്ക്കുന്നതിനും, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ നടപടികളെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഹജ്ജ് പെർമിറ്റ് ഇല്ലാത്ത വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് (2025 ജൂൺ 10 വരെ ബാധകം) ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ട്.