ദുബായ്: ഹത്തയിൽ പുതിയ ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചതായി RTA

GCC News

ഹത്തയിൽ ഒരു പുതിയ ഡ്രൈവിംഗ് സ്‌കൂൾ, ലൈസൻസിങ് കേന്ദ്രം എന്നിവ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 6-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിരേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് RTA ഈ പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. ഹത്ത മേഖലയിലെ നിവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് എന്നീ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണിത്.

ഈ കേന്ദ്രം പൂർണ്ണമായും പ്രവർത്തനമാരംഭിച്ചതായും ഇവിടെ നിന്ന് വിവിധ സേവനങ്ങൾ ലഭ്യമാണെന്നും RTA അറിയിച്ചിട്ടുണ്ട്. ട്രാഫിക് ഫയൽ ഓപ്പണിങ്, തിയറി ക്‌ളാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ, ഡ്രൈവിംഗ് ടെസ്റ്റ്, മോട്ടോർസൈക്കിൾ, ലൈറ്റ് വെഹിക്കിൾ എന്നിവയുടെ ലൈസൻസ് അനുവദിക്കൽ (മാന്വൽ, ഓട്ടോമാറ്റിക് വാഹനങ്ങൾ ഉൾപ്പടെ) തുടങ്ങിയ സേവനങ്ങൾ ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്.

ഈ സേവന കേന്ദ്രത്തിന്റെ പ്രവർത്തനസമയക്രമം:

  • ഞായർ മുതൽ വെള്ളി വരെ – രാവിലെ 8:15 മുതൽ രാത്രി 11:00 വരെ. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12:30 മുതൽ 2:30 വരെ ഇടവേളയായിരിക്കും. മറ്റുദിനങ്ങളിൽ ഉച്ചയ്ക്ക് 2:30 മുതൽ 3:30 വരെയാണ് ഇടവേള.
  • ശനിയാഴ്ചകളിൽ – രജിസ്‌ട്രേഷൻ സേവനം മാത്രം. രാവിലെ 11 മുതൽ രാത്രി 8 മണിവരെ.