അബുദാബി: യാസ് ഐലൻഡിൽ തീം പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നതായി ഡിസ്‌നി

GCC News

അബുദാബിയിലെ യാസ് ഐലൻഡിൽ ഒരു പുതിയ തീം പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നതായി വാൾട്ട് ഡിസ്‌നി കമ്പനി അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വാൾട്ട് ഡിസ്‌നി കമ്പനി, മിരാൾ എന്നിവർ സഹകരിച്ചായിരിക്കും ഈ പുതിയ തീം പാർക്ക് നിർമ്മിക്കുന്നത്. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ആദ്യത്തെ ഡിസ്‌നി തീം പാർക്കായിരിക്കും യാസ് ഐലൻഡിൽ ഒരുങ്ങുന്നത്.

Source: Abu Dhabi Media Office.

അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡിസ്‌നി സി ഇ ഓ ബോബ് ഐഗേർ എന്നിവർ ചേർന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Source: Abu Dhabi Media Office.

ആഗോളതലത്തിൽ ഡിസ്നിയുടെ ഏഴാമത്തെ തീം പാർക്കാണ് അബുദാബിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ കാലിഫോർണിയ, ഫ്ലോറിഡ, ടോക്കിയോ, പാരീസ്, ഹോംഗ് കോങ്ങ്, ഷാങ്ങ്ഹായ് എന്നിവിടങ്ങളിൽ ഡിസ്‌നി തീം പാർക്കുകൾ സ്ഥിതി ചെയ്യുന്നുണ്ട്.

യു എ ഇയുടെ ടൂറിസം മേഖലയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ഡിസ്‌നി തീം പാർക്ക്. നിർമാണം പൂർത്തിയാകുന്നതോടെ പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നിന്നും, ആഫ്രിക്ക, ഇന്ത്യ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളെ യാസ് ഐലൻഡിലെ ഡിസ്‌നി തീം പാർക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.