ദുബായ്: ലോക പോലീസ് ഉച്ചകോടി മെയ് 13-ന് ആരംഭിക്കും

GCC News

ലോക പോലീസ് ഉച്ചകോടിയുടെ നാലാം പതിപ്പ് 2025 മെയ് 13-ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് വേൾഡ് പോലീസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 2025 മെയ് 13-ന് ആരംഭിക്കുന്ന നാലാമത് ലോക പോലീസ് ഉച്ചകോടി മെയ് 15 വരെ നീണ്ട് നിൽക്കും.

പോലീസ് സേനകൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച സമഗ്രപഠനങ്ങൾ നടത്തുന്നതിനും, നിയമപാലനമേഖലയിലും, സുരക്ഷാ മേഖലയിലുമുള്ള ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും തന്ത്രങ്ങളും നൂതനത്വങ്ങളും പരിചയപ്പെടുന്നതിനും സമാനതകളില്ലാത്ത പ്ലാറ്റ്‌ഫോമാണ് ലോക പോലീസ് ഉച്ചകോടി. പോലീസ് അധികൃതർ, വിവിധ നിയമ നിർവ്വഹണ ഏജൻസികളുടെ പ്രതിനിധികൾ, ഈ മേഖലയിലെ ആഗോളരംഗത്തെ പ്രമുഖർ, ലോക സംഘടനകൾ തുടങ്ങിയവർ ഈ ഈ ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും അവതരിപ്പിക്കുന്നതിനും, ഇവയെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നതിനും, ഇത്തരം സേവനങ്ങൾ വില്പന ചെയ്യുന്നതിനും, വാങ്ങുന്നതിനും പോലീസ് സേനകൾക്കും, അന്താരാഷ്ട്ര കമ്പനികൾക്കും ഈ ഉച്ചകോടി അവസരമൊരുക്കുന്നു. അത്യാധുനിക പോലീസിംഗ്, സുരക്ഷാ സാങ്കേതിക സേവന മേഖലകളിലെ അതിനൂതനമായ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു അതുല്യമായ ആഗോള പ്രദർശനമാണിത്.