യു എ ഇ: കൃത്രിമ മധുരം ചേർത്ത പാനീയങ്ങളുടെ എക്‌സൈസ് നികുതി ഭേദഗതി ചെയ്തു

featured GCC News

കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തതായി യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ധനകാര്യ മന്ത്രാലയം, ഫെഡറൽ ടാക്സ് അതോറിറ്റി എന്നിവർ ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ ഭേദഗതി പ്രകാരം ഇത്തരം പാനീയങ്ങൾക്ക് ഓരോ 100 മില്ലീലിറ്ററിലും അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കണക്കിലെടുത്തായിരിക്കും ഒരു ലിറ്റർ പാനീയത്തിന് ചുമത്തേണ്ട എക്‌സൈസ് ടാക്സ് കണക്കാക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇതോടെ ഓരോ 100 മില്ലീലിറ്ററിലും ചേർത്തിട്ടുള്ള പഞ്ചസാരയുടെ അളവ് ഉയരുന്നതിനനുസരിച്ച് കൃത്രിമ മധുരം ചേർത്ത പാനീയങ്ങളുടെ നികുതി കൂട്ടുന്നതാണ്. നേരത്തെ ഇത്തരം പാനീയങ്ങൾക്ക് ഒരു നിശ്ചിത നിരക്കിലുള്ള എക്‌സൈസ് ടാക്‌സാണ് ചുമത്തിയിരുന്നത്.

പൊതു ആരോഗ്യം സംരക്ഷിക്കുന്നതിനും, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും, കൃത്രിമ മധുരം ചേർത്ത പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് യു എ ഇ ഈ ഭേദഗതി നടപ്പിലാക്കുന്നത്.

ഇത്തരത്തിൽ നികുതി കണക്കുന്നതിനുള്ള തീരുമാനം 2026 തുടക്കം മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.