ദുബായിൽ കൊറോണാ പ്രതിരോധ നടപടികളുടെ ഭാഗമായി നടന്നു വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണവും ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ അണുനശീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഏപ്രിൽ 17, വെള്ളിയാഴ്ചയാണ് ഈ തീരുമാനം അറിയിച്ചത്.
പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഈ പ്രവർത്തനങ്ങളോടുള്ള മികച്ച സഹകരണം കൂടി കണക്കിലെടുത്താണ് സമൂഹത്തിൽ COVID-19 വ്യാപിക്കുന്നത് തടയുന്നതിന് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
ഈ കാലയളവിൽ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ യാത്രകൾ അനുവദിക്കൂ എന്നും, ഇത്തരം ഒഴിവാക്കാനാകാത്ത യാത്രകൾക്ക് മൂവ് പെർമിറ്റ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.