ഉയർന്ന വരുമാനമുള്ളവർക്ക് 2028 ജനുവരി മുതൽ വ്യക്തിഗത ആദായ നികുതി ചുമത്താനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാനിൽ പ്രതിവർഷം 42000 റിയാലിലധികം വരുമാനമുള്ള വ്യക്തികൾക്ക് 2028 ജനുവരി മുതൽ 5% ആദായ നികുതി ചുമത്തുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഒമാൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മസ്കറ്റിൽ വെച്ച് നടന്ന മിഡിൽ ഈസ്റ്റ് ഇൻവെസ്റ്റർ റിലേഷൻസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിലാണ് ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ മഹ്മൂദ് അൽ അവെയ്നി ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനം ഏറെ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ വിഷൻ 2040-ന്റെ കീഴിൽ വരുന്ന ധനകാര്യ പരിഷ്കരണനയങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ തീരുമാനം 2028 ജനുവരി 1 മുതലാണ് ഒമാനിൽ പ്രാബല്യത്തിൽ വരുന്നത്. തൊഴിൽ, വ്യാപാരം, വാടക തുടങ്ങിയ എല്ലാ മേഖലകളിൽ നിന്നുള്ള വരുമാനവും ഇതിനായി കണക്കാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി H.H. സുൽത്താൻ ഹൈതം ബിൻ താരിഖ് ’56/2025′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു.
42000 റിയാലിലധികം വരുമാനമുള്ള വ്യക്തികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുന്നതെന്നും, ഇതിനാൽ ഈ തീരുമാനത്തിന്റെ പരിധിയിൽ ഒമാനിലെ ഏതാണ്ട് 99 ശതമാനം നിവാസികളും വരുന്നില്ലെന്നും ഒമാൻ ടാക്സ് അതോറിറ്റി ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

