ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി RTA

featured GCC News

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 നവംബർ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025 ജൂൺ 9-നാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കേവലം അഞ്ച് മാസത്തെ സമയം കൊണ്ട് ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി RTA ഡയറക്ടർ ജനറലും, ചെയർമാനുമായ മത്തർ അൽ തയർ വ്യക്തമാക്കി.

Source: Dubai Media Office.

2026 അവസാനത്തോടെ ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ 30 ശതമാനം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മത്തർ അൽ തയർ അറിയിച്ചു.

Source: Dubai Media Office.

എമിറേറ്റിലെ പ്രധാനപ്പെട്ട പാർപ്പിടമേഖലകൾ, വാണിജ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലൂടെ കടന്ന് പോകുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളെ പരസ്പരം ബന്ധിപ്പിക്കുന്നു.

ആകെ 56.5 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി മുപ്പത് കിലോമീറ്റർ നീളത്തിൽ, 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. ബ്ലൂ ലൈൻ പൂർത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള റെയിൽവേ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്റർ ആകുന്നതാണ്.

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്റ്റേഷന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തറക്കല്ലിട്ടത്. ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് പ്രവർത്തനമാരംഭിക്കുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നതെന്ന് RTA അറിയിച്ചിട്ടുണ്ട്.