നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലെ യാത്രാ വിലക്കുകളെത്തുടർന്ന് രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസകൾ നീട്ടിക്കിട്ടുന്നതിനു അപേക്ഷിക്കാമെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 19-നു ട്വിറ്ററിലൂടെ അറിയിച്ചു. ഖത്തറിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കുന്നത് വരെയുള്ള കാലാവധിയിലാണ് ഇപ്രകാരം വിസകൾ നീട്ടി നൽകുന്നതിനു അപേക്ഷിക്കാവുന്നത്.
ഇത്തരത്തിൽ ഖത്തറിൽ അകപ്പെട്ടിട്ടുള്ള വിദേശ സന്ദർശകർക്ക് അവരുടെ സ്പോൺസർമാർ മുഖേനെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ Metrash-2 ആപ്പ് വഴിയോ, അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിസ എക്സ്റ്റൻഷൻ സേവനം താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാണ്.
https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
എന്നാൽ ഈ സംവിധാനങ്ങളിലൂടെ വിസ കാലാവധി നീട്ടുന്ന നടപടി ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് സന്ദർശകർക്കിടയിൽ വ്യാപകമായി പരാതിയുണ്ട്.