COVID-19: ഷാർജയിൽ ഈ വർഷം ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല

GCC News

ഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി. നിലവിലെ കൊറോണാ വൈറസ് സാഹചര്യം കണക്കിലെടുത്ത്, രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രാവർത്തികമാക്കികൊണ്ടിരിക്കുന്ന പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടാണ് ഇഫ്‌താർ ടെന്റുകൾക്ക് ഈ വർഷം പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചത്.

വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വകയായുള്ള സൗജന്യ ഇഫ്താർ പരിപാടികളുമായി ബന്ധപ്പെട്ട് റമദാനിൽ ഇത്തരം ടെന്റുകളുടെ പെർമിറ്റിന് വലിയ തോതിൽ ആവശ്യക്കാരുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഷാർജാ മുനിസിപ്പാലിറ്റി ഷാർജ ഇസ്ലാമിക് അഫയേഴ്‌സുമായി ചേർന്ന് ഇവ ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. അനധികൃതമായി ഇത്തരം ടെന്റുകൾ പ്രവർത്തിപ്പിക്കുന്നവർക്കെതിരെ നടപടികളുണ്ടാകുമെന്നും, ഇത്തരം ടെന്റുകൾ കണ്ടെത്തുന്നതിന് പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.