രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Minister of Health adopts decree regulating the sale of energy drinks inside Kuwait#KUNA #KUWAIT pic.twitter.com/47d3lOqB3g
— Kuwait News Agency – English Feed (@kuna_en) December 24, 2025
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അബ്ദുൽവഹാബ് അൽ അവൈദി ഒരു ഔദ്യോഗിക തീരുമാനം പുറത്തിറക്കിയിട്ടുണ്ട്. ഈ തീരുമാന പ്രകാരം കുവൈറ്റിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന, പ്രചാരണം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പാനീയങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രായപരിധി നിശ്ചയിക്കുന്നതിനും, ഉപഭോഗ പരിധി ഏർപ്പെടുത്തുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതിന് അനുമതിയുള്ള ഇടങ്ങൾ സംബന്ധിച്ചും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- എനർജി ഡ്രിങ്കുകളുടെ വിൽപ്പന പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി നിയന്ത്രിക്കുന്നതാണ്.
- ഒരു വ്യക്തിക്ക് പ്രതിദിനം പരമാവധി രണ്ട് ക്യാനുകൾ മാത്രമാണ് ഉപയോഗിക്കുന്നതിന് അനുമതി. ഇത്തരം പാനീയങ്ങളുടെ ക്യാനുകളിൽ ഓരോ 250 മില്ലീലിറ്റർ പാനീയത്തിലും 80 മില്ലീഗ്രാമിലധികം കഫീൻ അനുവദനീയമല്ല.
- സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, സർക്കാർ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.
- ഇതിന് പുറമെ റെസ്റ്ററന്റുകൾ, കഫെ, ഗ്രോസറി സ്റ്റോറുകൾ, ഫുഡ് ട്രക്കുകൾ, സെൽഫ് സർവീസ് വെൻഡിങ് മെഷീനുകൾ തുടങ്ങിയ ഇടങ്ങളിലും എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്.
- ഓൺലൈൻ വിൽപ്പന ശാലകൾ, ഡെലിവറി സേവനദാതാക്കൾ തുടങ്ങിയവയ്ക്കും ഈ നിരോധനം ബാധകമാണ്.
- കോഓപ്പറേറ്റീവ് മാർക്കറ്റുകൾ, മറ്റു സമാന്തര മാർക്കറ്റുകൾ എന്നിവിടങ്ങളിലൂടെ മാത്രമാണ് ഇത്തരം പാനീയങ്ങളുടെ വില്പന അനുവദിച്ചിരിക്കുന്നത്.
- ഇത്തരം പാനീയങ്ങളുടെ പാക്കേജിംഗുകളിൽ ആരോഗ്യ സംബന്ധമായ മുന്നറിയിപ്പുകൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
- എനർജി ഡ്രിങ്കുകളുടെ പരസ്യങ്ങൾ, ഇത്തരം പാനീയ കമ്പനികൾ നൽകുന്ന സ്പോൺസർഷിപ്പുകൾ എന്നിവ നിരോധിച്ചിട്ടുണ്ട്.
Cover Image: Image by Adriano Gadini from Pixabay.

