യു എ ഇ: മൂന്നാമത് അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവൽ ജനുവരി 15-ന് ആരംഭിക്കും

featured GCC News

അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2026 ജനുവരി 15-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2026 ജനുവരി 15-ന് ആരംഭിക്കുന്ന മൂന്നാമത് അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവൽ ജനുവരി 24 വരെ തുടരും. അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ ഈന്തപ്പഴ മേള സംഘടിപ്പിക്കുന്നത്.

യു എ ഇയുടെ കാർഷിക പൈതൃകം സംരക്ഷിക്കുകയും ഭാവി തലമുറകൾക്ക് കൈമാറുകയും ചെയ്യുന്ന ഈ മേള അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. ഈന്തപ്പന കർഷകരെ പിന്തുണയ്ക്കുക, പ്രാദേശിക ഈന്തപ്പന ഉൽപാദനം വർദ്ധിപ്പിക്കുക, ഈന്തപ്പന കൃഷിയിലും അനുബന്ധ വ്യവസായങ്ങളിലും നവീകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം.

ഏതാണ്ട് 2 മില്യൺ ദിർഹത്തിലധികം മൂല്യമുള്ള സമ്മാനത്തുകയാണ് ഈ മേളയുടെ ഭാഗമായുള്ള വിവിധ മത്സരങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേളയുടെ ഭാഗമായി ഈന്തപ്പഴ ലേലം, ഒരു പരമ്പരാഗത മാർക്കറ്റ്, സാംസ്കാരിക പരിപാടികൾ, പരമ്പരാഗത കലാപ്രദർശനങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.