ഒമാൻ: VAT ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി; VAT-ന്റെ മറവിൽ വിലകൂട്ടുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5% മൂല്യവർദ്ധിത നികുതി (VAT) നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി. ഏപ്രിൽ 16 മുതൽ തന്നെ ഒമാനിൽ VAT പ്രാബല്യത്തിൽ വരുമെന്നും ടാക്സ് അതോറിറ്റി അറിയിച്ചു.

ഏപ്രിൽ 1-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി തലവൻ H.E. സൗദ് ബിൻ നാസ്സർ അൽ ഷുകൈലി മാർച്ച് 14-ന് ഒമാൻ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ നേരത്തെ അറിയിച്ചിരുന്നു.

ഇതിനായുള്ള നിയമനിർമ്മാണം, VAT നടപ്പിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കൽ, വിവിധ വകുപ്പുകളുടെ സംയോജനം തുടങ്ങിയ നടപടികളെല്ലാം ടാക്സ് അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ ഏപ്രിൽ 16 മുതൽ രാജ്യത്ത് ഏതാനം സേവനങ്ങൾക്കും, സാധനങ്ങൾക്കും ഒഴികെ മറ്റു സേവനങ്ങൾക്കെല്ലാം 5 ശതമാനം VAT ബാധകമാകുന്നതാണ്. ഇളവ് നൽകിയിട്ടുള്ള ഏതാനം മേഖലകളിലൊഴികെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും ഈ നികുതി ബാധകമാണ്.

അവശ്യ ഭക്ഷണ സാധനങ്ങൾ, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളെ VAT നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 ജനുവരിയിൽ ഒമാൻ ടാക്സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 94 അടിസ്ഥാന ഭക്ഷണ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയതായി സൂചിപ്പിച്ചിരുന്നു. പാൽ, ക്ഷീരോല്‍പന്നങ്ങള്‍, മാംസം, മീൻ, മുട്ട, കോഴി, താറാവ്, പഴം, പച്ചക്കറി, കാപ്പി, ചായ, പഞ്ചസാര, ഒലിവ് എണ്ണ, ബ്രഡ്, കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളം, ഉപ്പ്, കുട്ടികൾക്കുള്ള പോഷകാഹാരം മുതലായ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ഏതാണ്ട് 1.5% VAT നടപ്പിലാക്കുന്നതിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ ടാക്സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതിയിനത്തിൽ പ്രതിവർഷം 400 ദശലക്ഷം റിയാൽ പിരിച്ചെടുക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

VAT നടപ്പിലാക്കുന്നതിന്റെ മറവിൽ ഏപ്രിൽ 16-നു മുൻപ് സാധനങ്ങളുടെ വിലകൂട്ടുന്ന വിതരണക്കാർക്ക് മുന്നറിയിപ്പ്

VAT നടപ്പിലാക്കുന്നതിന്റെ മറവിൽ ഏപ്രിൽ 16-നു മുൻപായി സാധനങ്ങളുടെ വില ഉയർത്തുന്ന തരം പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ഒമാൻ കൺസ്യുമർ പ്രൊട്ടക്ഷൻ അതോറിറ്റി വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകി. VAT പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഉപഭോക്താക്കളിൽ നിന്ന് സാധനങ്ങൾക്ക് ടാക്സ് ഉൾപ്പെടുത്തിക്കൊണ്ടുള്ള വില ഈടാക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.