രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം ഈ ആഴ്ചയിൽ യു എ ഇയിൽ തണുപ്പ് കൂടുമെന്നും, ശക്തമായ കാറ്റ്, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.
2026 ജനുവരി 13, ചൊവാഴ്ച മണിക്കൂറിൽ മുപ്പത്തഞ്ച് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജനുവരി 15, വ്യാഴാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ അനുഭവപ്പെടാനിടയുണ്ടെന്നും, അറേബ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജനുവരി 16, വെള്ളിയാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നും, അന്തരീക്ഷത്തിൽ പൊടി, മണൽ എന്നിവ ഉയരാനിടയുണ്ടെന്നും കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

