സൗദി അറേബ്യ: സൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള ശിലാലിഖിതങ്ങൾ കണ്ടെത്തി

featured GCC News

സൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. 2026 ജനുവരി 14-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദ ഡെവലപ്‌മെന്റ് എന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനിയുമായി ചേർന്നാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. സൗദ കൊടുമുടികളുടെ സമീപപ്രദേശങ്ങളിൽ നിന്ന് പ്രാചീന ശിലാചിത്രങ്ങളുള്ള ഇരുപത് പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Source: Saudi Press Agency.

സൗദയിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായി 636.5 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ പദ്ധതി പ്രദേശം ഇപ്പോൾ മേഖലയിലെ ഏറ്റവും പഴക്കമേറിയ സാംസ്കാരിക അടയാളങ്ങളുടെ ആസ്ഥാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയിൽ നിന്ന് 4000 മുതൽ 5000 വർഷം വരെ പഴക്കമുള്ള പ്രാചീന ശിലാചിത്രങ്ങളും, ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രദേശത്തിന്റെ സമ്പന്നമായ നാഗരിക, സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.

Source: Saudi Press Agency.

തമൂദിക് ലിഖിതങ്ങൾക്കൊപ്പം ഐബെക്സ്, കഴുതപ്പുലികൾ, ഒട്ടകപ്പക്ഷികൾ എന്നിവയുടെ ഉജ്ജ്വലമായ ചിത്രീകരണങ്ങൾ, വേട്ടക്കാർ, നർത്തകർ, ഈന്തപ്പനകൾ, ആയുധങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ തുടങ്ങിയവ ഈ മേഖലയിൽ നിന്നുള്ള കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.

ഒരുകാലത്ത് ഈ പ്രദേശത്ത് വസിച്ചിരുന്ന പുരാതന സമൂഹങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആചാരങ്ങളെ ഈ പ്രാചീന ശിലാചിത്രങ്ങളും, ശിലാലിഖിതങ്ങളും പ്രതിഫലിപ്പിക്കുന്നു.