യു എ ഇ: വൈപ്പർ മാൽവെയർ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

GCC News

വൈപ്പർ മാൽവെയർ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 14-നാണ് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിനാശകരമായ ‘വൈപ്പർ’ സൈബർ ആക്രമണങ്ങളുടെ ഭീഷണി വർദ്ധിച്ചുവരുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വ്യക്തികളും സ്ഥാപനങ്ങളും അവരുടെ ഡിജിറ്റൽ സുരക്ഷാ രീതികൾ ശക്തിപ്പെടുത്തണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ഡാറ്റ ഇല്ലാതാക്കാനോ, കേടുവരുത്താനോ, ഡിജിറ്റൽ സിസ്റ്റങ്ങളെയും, സേവനങ്ങളെയും തടസ്സപ്പെടുത്താനോ ആണ് ഇത്തരം ആക്രമണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. ഈ സംഭവങ്ങൾ ദൈനംദിന ഓൺലൈൻ ഉപയോഗത്തെ ബാധിക്കുകയും ബിസിനസ്സ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാമെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.

സൈബർ ഭീഷണികളുടെ സ്വഭാവം മാറിവരുന്നതായി കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻകാലങ്ങളിൽ പല സൈബർ ആക്രമണങ്ങളും വിവരങ്ങൾ മോഷ്ടിക്കുന്നതിനോ, അനധികൃത ആക്‌സസ് നേടുന്നതിനോ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, സമീപകാല ഭീഷണികൾ നേരിട്ടുള്ള നാശനഷ്ടങ്ങൾ വരുത്താൻ ലക്ഷ്യമിടുന്നു.

നാശനഷ്ടങ്ങൾ വരുത്തുന്നത് ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ള സൈബർ ഭീഷണിക്ക് ഒരു ഉദാഹരണമാണ് വൈപ്പർ മാൽവെയർ. ഇത് ഫയലുകൾ മായ്‌ക്കുകയോ സിസ്റ്റങ്ങൾ കേടാകുകയോ ചെയ്‌തേക്കാമെന്നും, ഇത് ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടുന്നതിനും, സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ കാലതാമസത്തിനും കാരണമായേക്കാമെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവർത്തനക്ഷമമായ ബാക്കപ്പ് സംവിധാനങ്ങളില്ലാത്തതോ, വ്യക്തമായ പ്രതികരണ പദ്ധതികളില്ലാത്തതോ ആയ സ്ഥാപനങ്ങളിൽ ഇത്തരം ആക്രമണങ്ങളിൽ നിന്ന് പഴയ നിലയിലേക്ക് തിരികെ മടങ്ങുന്നത് ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട സൈബർ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുളള പ്രതിരോധ നടപടികൾ കൗൺസിൽ പങ്ക് വെച്ചിട്ടുണ്ട്:

  • സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും പതിവായി അപ്‌ഡേറ്റ് ചെയ്യേണ്ടതും, അറിയപ്പെടുന്ന സുരക്ഷാ വിടവുകൾ പരിഹരിക്കേണ്ടതുമാണ്.
  • അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്ചുമെന്റുകളോ തുറക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്.
  • സുരക്ഷിതമായ ബാക്കപ്പുകൾ സൂക്ഷിക്കേണ്ടതാണ്. ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇവ ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ബാക്കപ്പുകൾ പ്രത്യേകം സൂക്ഷിക്കുകയും പതിവായി പരിശോധിക്കുകയും ചെയ്യേണ്ടതാണ്.
  • അസാധാരണമായ പ്രവർത്തനങ്ങൾ നേരത്തേ കണ്ടെത്തുന്നതിനായി വ്യക്തമായ സൈബർ സംഭവ പ്രതികരണ പദ്ധതികൾ വികസിപ്പിക്കാനും നെറ്റ്‌വർക്കുകൾ നിരീക്ഷിക്കാനും കമ്പനികളോട് കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.