സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിന് ഔദ്യോഗിക പെർമിറ്റ് നിർബന്ധം

featured GCC News

ഹജ്ജ് തീർത്ഥാടനത്തിന് ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമാണ് മക്കയിലേക്കും മറ്റു പുണ്യസ്ഥാനങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സന്ദർശക വിസകൾ (എല്ലാത്തരം സന്ദർശക വിസകൾക്കും ബാധകം) ഹജ്ജ് അനുഷ്ഠിക്കുന്നതിനു അനുമതി നൽകിയിട്ടുള്ള രേഖ അല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്കും, പുണ്യകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ശ്രമിക്കുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്ന സന്ദർശക വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിട്ടുള്ള വ്യക്തികൾക്ക് 20000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്. പെർമിറ്റ് കൂടാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്ന പ്രവാസികളെ നാട് കടത്തുന്നതും, അവർക്ക് സൗദി അറേബ്യയിലേക്ക് പത്ത് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതുമാണ്.