എമിറേറ്റിലെ പൊതുനിരത്തുകൾക്കരികിലും, പൊതുപാർക്കുകളിലും, വീടുകളിലും കൂടുതൽ ഗുൽമോഹർ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. 2026 മെയ് 2-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Hamdan bin Mohammed: In summer, when the Flame Tree blooms in Dubai, it brings life to every home, every majlis, every street, and every park. With it, our city blooms, full of life and beauty. pic.twitter.com/JnSfPL1kkY
— Dubai Media Office (@DXBMediaOffice) May 2, 2026
വിശാലമായ ശാഖകൾ, പച്ച ഇലകൾ, തിളക്കമുള്ള കടും ചുവപ്പ്-ഓറഞ്ച് പൂക്കൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ‘ഫ്ലേം ട്രീ’ അഥവാ ഗുൽമോഹർ മരങ്ങൾ. സാധാരണയായി എല്ലാ വർഷവും മെയ് മാസത്തിൽ പൂക്കളാൽ നിറഞ്ഞ് നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ ജൂലൈ അവസാനം വരെ ദുബായിയെ വർണ്ണാഭമാക്കുന്നു.

“വേനലിൽ, ദുബായിൽ ഗുൽമോഹർ മരങ്ങൾ പൂക്കുമ്പോൾ അത് എല്ലാ വീടുകൾക്കും, എല്ലാ മജ്‌ലിസുകൾക്കും, എല്ലാ തെരുവുകൾക്കും, എല്ലാ പാർക്കുകൾക്കും ജീവൻ നൽകുന്നു. ഗുൽമോഹർ മരങ്ങൾക്കൊപ്പം നമ്മുടെ നഗരം ജീവനും സൗന്ദര്യവും കൊണ്ട് പൂക്കുന്നു.”, ദുബായ് മുനിസിപ്പാലിറ്റിയുമായും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനുമായും നടത്തിയ ഒരു കൂടിക്കാഴ്ചയിൽ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.

ഗുൽമോഹർ മരങ്ങളെ ആഘോഷിക്കുന്ന ഒരു വീഡിയോ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പങ്ക് വെച്ചിട്ടുണ്ട്. വീടുകളിലോ കൃഷിയിടങ്ങളിലോ ഗുൽമോഹർ മരങ്ങൾ നടാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് മരത്തിന്റെ തൈകൾ വിതരണം ചെയ്യാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
വിപുലമായ പരിചരണം ആവശ്യമില്ലാതെ തന്നെ സ്വാഭാവികമായി വിശാലവും മനോഹരവുമായ ഒരു മേലാപ്പ് നൽകുന്ന ഗുൽമോഹർ മരങ്ങൾ അതിന്റെ ശൈശവത്തിൽ ദ്രുതഗതിയിൽ വളരുന്നു. ഇതിന്റെ മേലാപ്പ് 15 മീറ്റർ വരെ വ്യാപിക്കുകയും വിശാലമായ തണൽ നൽകുകയും അതിനടിയിലെ നിലത്തെ താപനില ഏകദേശം 5 ഡിഗ്രി കുറയ്ക്കുകയും ചെയ്യുന്നതാണ്.
ദുബായിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയ്ക്ക് ഏറെ ഇണങ്ങുന്നവയാണ് ഗുൽമോഹർ മരങ്ങൾ. പച്ചപ്പ് നിറഞ്ഞ ഇടങ്ങൾ ഒരുക്കുന്നതിന് അനുയോജ്യമായ മരങ്ങളാണിവ.
നല്ല നീർവാർച്ചയുള്ള മണൽ അല്ലെങ്കിൽ കളിമണ്ണ് മണ്ണിൽ ഇത് നടാവുന്നതാണ്. 60 വർഷം വരെ ജീവിക്കുന്ന ഗുൽമോഹർ മരങ്ങൾ സാധാരണയായി 12 മീറ്റർ വരെ ഉയരത്തിൽ പൂർണ്ണ പക്വതയിലെത്താൻ ഏകദേശം 10 വർഷം എടുക്കുന്നതാണ്.
WAM

