സൗദി: ഹജ്ജ് തീർത്ഥാടകർ നിയന്ത്രിത മരുന്നുകൾ കൈവശം കരുതുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ

GCC News

ഹജ്ജ് തീർത്ഥാടന വേളയിൽ സൗദി അറേബ്യയിലേക്ക് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് ബാധകമാക്കിയിട്ടുള്ള നിയമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2026 മെയ് 5-നാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഇത് സംബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വ്യക്തമാക്കിയത്.

ഹജ്ജ് വേളയിൽ, ഡോക്ടറുടെ കുറിപ്പടി പ്രകാരം, മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ അടങ്ങിയ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ SFDA ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ താഴെ പറയുന്നു:

  • ഇത്തരം മരുന്നുകൾ കൈവശം സൂക്ഷിക്കുന്ന തീർത്ഥാടകർ ഇതിനായി മുൻ‌കൂർ ക്ലിയറൻസ് പെർമിറ്റ് നേടുകയും, പാസ്‌പോർട്ടിന്റെ പകർപ്പ്, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ലഭിച്ചിട്ടുള്ള സാധുവായ മെഡിക്കൽ കുറിപ്പടി അല്ലെങ്കിൽ റിപ്പോർട്ട്, മരുന്നിന്റെയും അതിന്റെ പാക്കേജിംഗിന്റെയും ചിത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.
  • അതോറിറ്റിയുടെ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി അപേക്ഷകർ ഒരു ഇലക്ട്രോണിക് ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതാണ്.
  • ഇത്തരത്തിൽ തീർത്ഥാടകർ കൈവശം സൂക്ഷിക്കുന്ന മരുന്നിന്റെ അനുവദനീയമായ അളവ് നിർദ്ദിഷ്ട ഡോസേജ് അടിസ്ഥാനമാക്കി, 30 ദിവസത്തേക്കുള്ളതോ, അല്ലെങ്കിൽ തീർത്ഥാടകന്റെ താമസ കാലയളവോ, ഏതാണ് കുറവ് അത് കവിയാൻ പാടുള്ളതല്ല.
  • ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇലക്ട്രോണിക് കൺട്രോൾഡ് ഡ്രഗ്സ് സിസ്റ്റം (CDS) സംവിധാനത്തിലൂടെ ഒരു പേഴ്സണൽ ട്രാവലർ അക്കൗണ്ട് സൃഷ്ടിച്ച ശേഷം സമർപ്പിക്കാവുന്നതാണ്.