യു എ ഇ: 2026-ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ സായിദ് നാഷണൽ മ്യൂസിയം ഇടംനേടി

GCC News

2026-ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം ഇടംനേടി. 2026 മെയ് 6-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് വർഷം തോറും നൽകുന്ന പ്രശസ്തമായ അന്താരാഷ്ട്ര വാസ്തുവിദ്യ, രൂപകൽപ്പന അവാർഡായ പ്രിക്സ് വെർസൈൽസ് പട്ടികയിലാണ് സായിദ് നാഷണൽ മ്യൂസിയം ഇടം പിടിച്ചത്.

ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏഴ് സ്ഥാപനങ്ങളിൽ ഒന്നായി യു എ ഇയുടെ ദേശീയ മ്യൂസിയം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മേഖലയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക സ്ഥാപനവുമാണ് സായിദ് നാഷണൽ മ്യൂസിയം. വാസ്തുവിദ്യാ മികവ്, സുസ്ഥിരതയോടുള്ള പ്രതിബദ്ധത, നൂതനമായ രൂപകൽപ്പന, സാംസ്കാരിക ഭൂപ്രകൃതിക്കുള്ള സംഭാവന എന്നിവ എടുത്തുകാണിക്കുന്നതാണ് ഈ നേട്ടം.

യു എ ഇയുടെ ദേശീയ മ്യൂസിയം എന്ന രീതിയിലാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് സായിദ് നാഷണൽ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനസൂചകമായാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

പറക്കുന്ന ഒരു പരുന്തിന്റെ ചിറകിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച അഞ്ച് ഉരുക്ക് ഗോപുരങ്ങൾ 56,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ മ്യൂസിയത്തിന്റെ പ്രത്യേകതകളിലൊന്നാണ്. 123 മീറ്റർ ഉയരമുള്ള സായിദ് നാഷണൽ മ്യൂസിയം സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.

നൂതന പാരിസ്ഥിതിക സംവിധാനങ്ങൾ സംയോജിപ്പിച്ചുകൊണ്ട് നിർമിച്ചിട്ടുള്ള ഈ കെട്ടിടത്തിന്റെ ടവറുകൾ സ്വാഭാവികമായി വായുപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള താപ ചിമ്മിനികളായി പ്രവർത്തിക്കുന്നു. രണ്ട് നിലകളിലായി ആറ് സ്ഥിരം ഗാലറികളുള്ള സായിദ് നാഷണൽ മ്യൂസിയം മൂന്ന് ലക്ഷം വർഷം നീളുന്ന മാനവചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

യു എ ഇയുടെ പുരാതനകാലം മുതൽ ഇന്ന് വരെയുള്ള ചരിത്രം ആഴത്തിലുള്ള ഒരു യാത്രയിലൂടെ രൂപത്തിൽ സന്ദർശകർക്ക് മുൻപിൽ ഈ മ്യൂസിയം അവതരിപ്പിക്കുന്നതാണ്. ഇതിനായി പുരാവസ്തു അവശേഷിപ്പുകളും, ചരിത്രപരമായ വസ്തുക്കളും ദൃശ്യ-ശ്രവ്യ സങ്കേതങ്ങളിലൂടെയും, ഇന്ദ്രിയാനുഭവങ്ങളിലൂടെയും സംയോജിപ്പിക്കുന്ന രീതിയാണ് മ്യൂസിയം അവലംബിക്കുന്നത്.

യു എ ഇയിലെ ഏഴ് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക പാലം എന്ന രീതിയിലൊരുക്കിയിരിക്കുന്ന ഈ മ്യൂസിയം എമിറേറ്റുകൾ പരസ്പരം പങ്ക് വെക്കുന്ന ചരിത്രം, പാരമ്പര്യം എന്നിവയെ എടുത്ത് കാട്ടുന്നു. യു എ ഇയുടെ സ്ഥാപകപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരിത്രം എങ്ങിനെ രാജ്യത്തിന്റെ ചരിത്രവുമായി വേർപിരിയാനാകാത്ത വണ്ണം ആഴത്തിൽ ഇഴചേർന്നിരിക്കുന്നു എന്ന് ഈ മ്യൂസിയം സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്.

സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-നാണ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്.