ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. 2026 മെയ് 15-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
UAE President and Indian Prime Minister discuss strengthening Comprehensive Strategic Partnership and review regional developments#WamNews https://t.co/GdTrfsuPdb pic.twitter.com/oHpmj3luHD
— WAM English (@WAMNEWS_ENG) May 15, 2026
യു എ ഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെയും ചട്ടക്കൂടിനുള്ളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ഇരുവരും ചർച്ച ചെയ്തു.

വികസന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ശാശ്വത അഭിവൃദ്ധിയെ പിന്തുണയ്ക്കുന്ന തരത്തിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള പങ്കിട്ട പ്രതിബദ്ധത ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, ഊർജ്ജം, ബഹിരാകാശം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി തുടങ്ങി ഇരു രാജ്യങ്ങളുടെയും വികസന മുൻഗണനകളെ പിന്തുണയ്ക്കുന്ന മേഖലകളിലെ സഹകരണത്തിലെ ഗണ്യമായ പുരോഗതി ഇരുവരും അവലോകനം ചെയ്തു.
പശ്ചിമേഷ്യയിലെ സംഭവവികസങ്ങൾ, പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും അവ ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ, സമുദ്ര സുരക്ഷ, ഊർജ്ജ വിതരണങ്ങൾ, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവ നേരിടുന്ന വെല്ലുവിളികൾ എന്നിവ ഉൾപ്പടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.

യു എ ഇയിലെ സിവിലിയന്മാരെയും, സിവിലിയൻ സൗകര്യങ്ങളെയും, അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി മോദി ആവർത്തിച്ചു. അവ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൗൻ അൽ നഹ്യാൻ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ അനുഗമിച്ച പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തിരുന്നു.
WAM

