എബോള വൈറസ് ബാധ: യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

GCC News

എബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ യാത്രികർക്കും, ഒമാനിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്കുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. 2026 മെയ് 24-നാണ് CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

⏺ هيئة #الطيران_المدني تصدر التعميم رقم (1/2026) – إيبولا إلى جميع المسافرين وشركات الطيران العاملة في سلطنة عُمان.

التفاصيل🔽 pic.twitter.com/orhJz1kn0j— هيئة الطّيران المدني (@CAAOMN) May 24, 2026

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസിന്റെ പുതിയ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് ഒമാൻ CAA ‘1/2026’ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് CAA ഈ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

ഒമാനിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും, രോഗബാധിത പ്രദേശങ്ങളിലേക്കും തിരികെയും യാത്ര ചെയ്യുന്നവരോടും രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ ആരോഗ്യ നടപടികൾ കർശനമായി പാലിക്കണമെന്ന് ഒമാൻ CAA ആവശ്യപ്പെട്ടിട്ടുണ്ട്. എബോള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളും ലോകാരോഗ്യ സംഘടനയും പുറപ്പെടുവിച്ച ഔദ്യോഗിക ആരോഗ്യ അപ്‌ഡേറ്റുകൾ സൂക്ഷ്മമായി പാലിക്കാനും അതോറിറ്റി യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മതിയായ ആരോഗ്യ, മെഡിക്കൽ ഇവാക്വേഷൻ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും യാത്രക്കാരോട് CAA അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇത്തരം ഇടങ്ങളിൽ താമസിക്കുന്ന അവസരങ്ങളിൽ പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് CAA നിർദ്ദേശിച്ചിട്ടുണ്ട്. രക്തവും ശരീര ദ്രാവകങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനും, രോഗബാധിതരുടെ സ്വകാര്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും, രോഗബാധിതരോ മരിച്ചവരുമായ വ്യക്തികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഒത്തുചേരലുകളിലോ ശവസംസ്കാര ചടങ്ങുകളിലോ പങ്കെടുക്കുന്നതിനും എതിരെ CAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം പ്രദേശങ്ങളിൽ നിന്ന് യാത്രികർ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതോ വേവിക്കാത്ത മാംസം കഴിക്കുന്നതോ ഒഴിവാക്കണമെന്നും പതിവായി കൈകഴുകണമെന്നും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്നും CAA നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കെത്തുന്ന യാത്രികർ, ഒമാനിൽ എത്തിയ ശേഷം, ആ പ്രദേശങ്ങളിൽ നിന്ന് യാത്ര പുറപ്പെട്ട തീയതി മുതൽ 21 ദിവസത്തേക്ക് അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷികാണാമെന്ന് CAA നിർദ്ദേശം നൽകിയിട്ടുണ്ട്.

പനി, കടുത്ത തലവേദന, വയറിളക്കം, ഛർദ്ദി, രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും, അവരുടെ സമീപകാല യാത്രാ ചരിത്രത്തെക്കുറിച്ച് മെഡിക്കൽ സ്റ്റാഫിനെ അറിയിക്കുകയും, മെഡിക്കൽ വിലയിരുത്തൽ പൂർത്തിയാകുന്നതുവരെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.