കുട്ടികളുടെ കമ്പ്യൂട്ടർ ഗെയിമിങ് ശീലങ്ങൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് ദുബായ് പോലീസ്

featured GCC News

ഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ കൃത്യമായ മേൽനോട്ടം ഏറെ പ്രധാനമാണെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. 2025 ജൂലൈ 19-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വേനലവധിക്കാലം തുടങ്ങിയ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള സൈബർക്രൈം വകുപ്പ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കുടുംബാംഗങ്ങളുടെ കൂട്ടായ മേൽനോട്ടം നിർബന്ധമാണെന്ന് പോലീസ് വ്യക്തമാക്കി.

കമ്പ്യൂട്ടർ ഗെയിമുകളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ നിന്നും, കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ഇത് ഏറെ പ്രധാനമാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി താഴെ പറയുന്ന മുൻകരുതൽ നിർദ്ദേശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ രക്ഷിതാക്കളോട് ദുബായ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്:

  • കമ്പ്യൂട്ടർ ഗെയിമുകളിലൂടെ സ്വകാര്യ വിവരങ്ങൾ, ഫോട്ടോകൾ എന്നിവ പങ്ക് വെക്കരുത്.
  • കമ്പ്യൂട്ടർ ഗെയിമുകളിലൂടെ അപരിചിതരുമായി ആശയവിനിമയം നടത്തരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലേക്കേണ്ടതാണ്.
  • കമ്പ്യൂട്ടർ ഗെയിമുകളിലെ പാരന്റൽ കൺട്രോൾ, സേഫ്റ്റി ഫീച്ചറുകൾ പ്രയോഗക്ഷമമാക്കേണ്ടതാണ്.
  • നിങ്ങളുടെ കുട്ടികൾക്ക് ലഭ്യമാക്കുന്ന ഗെയിമുകളുടെ ഉള്ളടക്കം പരിശോധിച്ച് അവ അവരുടെ പ്രായത്തിനും, പക്വതയ്ക്കും ചേർന്നവയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • കമ്പ്യൂട്ടർ ഗെയിമുകൾക്കുമപ്പുറം വിനോദത്തിനും, പഠനത്തിനുമായി മറ്റു മേഖലകളുണ്ടെന്ന് അവരെ പറഞ്ഞ് മനസ്സിലേക്കേണ്ടതാണ്.
  • കമ്പ്യൂട്ടർ ഗെയിമുകൾക്കായി നിങ്ങളുടെ കുട്ടി ചെലവിടുന്ന സമയത്തിന് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
  • കുട്ടികളുടെ ഓൺലൈൻ പെരുമാറ്റരീതികൾ, സമ്പർക്കങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.

കമ്പ്യൂട്ടർ ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 901 എന്ന നമ്പറിൽ ഇ-ക്രൈം സംവിധാനത്തിലൂടെയോ, ദുബായ് പോലീസ് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെയോ പോലീസ് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.