യു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. 2026 ജൂൺ 23-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
خالد بن محمد بن زايد يدشن محطة قطار الركاب بمدينة محمد بن زايد التي تربط أبوظبي بالفجيرة في ساعة و45 دقيقة اعتباراً من 30 يونيو الجاري، على أن يتم افتتاح محطتي دبي والذيد في 30 سبتمبر ومحطات منطقة الظفرة في 30 ديسمبر، ليستكمل قطار الركاب مساره بمحطة الشارقة في 30 مارس 2027. pic.twitter.com/v4qxqPP9z8
— مكتب أبوظبي الإعلامي (@ADMediaOffice) June 23, 2026
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.

2026 സെപ്റ്റംബർ 30-ന് ആരംഭിക്കാൻ പോകുന്ന യു എ ഇ പാസഞ്ചർ റെയിൽ ശൃംഖല അനാവരണം ചെയ്യുന്നതിനും അദ്ദേഹം സാക്ഷ്യം വഹിച്ചു.

ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം സ്റ്റേഷനിലെ പ്രധാന സൗകര്യങ്ങൾ സന്ദർശിക്കുകയും വിവര മാനേജ്മെന്റ് സംവിധാനങ്ങളും പ്രവർത്തന സന്നദ്ധത നടപടിക്രമങ്ങളും അവലോകനം ചെയ്യുകയും ചെയ്തു.

സ്റ്റേഷന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികൾ, തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ ചലനം സുഗമമാക്കുന്നതിനുള്ള നടപടികൾ, പ്രവർത്തന കാര്യക്ഷമതയുടെയും സേവന മികവിന്റെയും ഉയർന്ന നിലവാരം കൈവരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സ്മാർട്ട് പരിഹാരങ്ങളും ഉപഭോക്തൃ സേവന ഓഫറുകളും എന്നിവയെല്ലാം അദ്ദേഹം നേരിട്ട് മനസ്സിലാക്കി.

പൂർണ്ണമായ ഒരു സംയോജിത ഗതാഗത ശൃംഖല ഒരുക്കുന്നതിനുള്ള യു എ ഇയുടെ കാഴ്ചപ്പാടിനെയാണ് പാസഞ്ചർ ട്രെയിൻ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

അന്തർ-എമിറേറ്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കൽ, ജനങ്ങളുടെയും ചരക്കുകളുടെയും കാര്യക്ഷമമായ ചലനത്തിലൂടെ സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കൽ, നിക്ഷേപം, ടൂറിസം, നഗരവികസനം എന്നിവയ്ക്കായി പുതിയ ചക്രവാളങ്ങൾ തുറക്കൽ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ യു എ ഇ കൈവരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ അബുദാബിയെ ഫുജൈറയുമായി ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ സ്റ്റേഷൻ ഈ വർഷം ജൂൺ 30 മുതൽ പ്രവർത്തിക്കുന്നതാണ്. 2026 സെപ്റ്റംബർ 30-ന് ദുബായ്, അൽ ദിദ് സ്റ്റേഷനുകളും, 2026 ഡിസംബർ 30-ന് അൽ ദഫ്ര മേഖല സ്റ്റേഷനുകളും തുറന്ന് കൊടുക്കുന്നതാണ്. തുടർന്ന് 2027 മാർച്ച് 30-ന് ഷാർജ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഈ റൂട്ടിൽ പൂർണ്ണമായുള്ള പാസഞ്ചർ ട്രെയിൻ സേവനങ്ങൾ ആരംഭിക്കുന്നതാണ്.
അബുദാബി-ഫുജൈറ റൂട്ടിലെ കംഫർട്ട് ക്ലാസിന് 55 ദിർഹവും, പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പാസഞ്ചർ റെയിൽ ഫ്ലീറ്റിൽ 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്ന 13 ട്രെയിനുകൾ ഉൾപ്പെടുന്നു. 2026 ജൂൺ 23 മുതൽ ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും, ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഉപഭോക്താക്കൾക്ക് യാത്രകൾ ബുക്ക് ചെയ്യാനും ടിക്കറ്റുകൾ വാങ്ങാനും കഴിയുന്നതാണ്.
Cover Image: Abu Dhabi Media Office.

