ഷാർജ: ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

GCC News

എമിറേറ്റിലെ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 2026 ജൂൺ 22-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒരു പുതിയ നിയമം പുറപ്പെടുവിച്ചിട്ടുണ്ട്. ഷാർജ എമിറേറ്റിലെ ആളില്ലാ വ്യോമയാനവാഹനങ്ങളുടെ (ഡ്രോണുകൾ) ഉപയോഗം, പ്രവർത്തനം, മേൽനോട്ടം എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ പുതിയ നിയമം ലക്ഷ്യമിടുന്നത്.

വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, വ്യോമാതിർത്തി സുരക്ഷ സംരക്ഷിക്കുന്നതിനും, ഡ്രോൺ സാങ്കേതികവിദ്യയുടെ നിയന്ത്രിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വിപുലമായ ചട്ടകൂടാണ് ഇത്തരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രോൺ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങൾക്കും കർശനമായ ലൈസൻസിംഗ്, രജിസ്ട്രേഷൻ, പ്രവർത്തന, നിർവ്വഹണ ആവശ്യകതകൾ എന്നിവ ഈ നിയമം അനുശാസിക്കുന്നു.

അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങളും മികച്ച രീതികളും അനുസരിച്ചുള്ള ഒരു ഏകീകൃത നിയന്ത്രണ സംവിധാനത്തിന് കീഴിൽ ഡ്രോൺ പ്രവർത്തനമേഖലയെ കൊണ്ടുവരുന്നതാണ് ഈ നിയമം. ഈ നിയമപ്രകാരം, ഷാർജയിലെ എല്ലാ ഡ്രോൺ പ്രവർത്തനങ്ങളും മുൻകൂർ അംഗീകാര ആവശ്യകതകൾ, നിയുക്ത വ്യോമാതിർത്തി നിയമങ്ങൾ, പൊതുജനങ്ങൾ, സ്വത്ത്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സുരക്ഷാ നിയന്ത്രണങ്ങൾ എന്നിവ പാലിച്ച് കൊണ്ടും, സിവിൽ, സൈനിക വ്യോമയാന സേവനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നത് ഒഴിവാക്കികൊണ്ടും മാത്രമേ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 6 പ്രകാരം, ഷാർജ സിവിൽ ഏവിയേഷൻ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ ഷാർജയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സർക്കാർ ആവശ്യങ്ങൾ, വാണിജ്യ ആവശ്യങ്ങൾ, ശാസ്ത്രീയവും ഗവേഷണപരവുമായ ആവശ്യങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, ഹോബികൾ, ആകാശ കായിക വിനോദങ്ങൾ, മാധ്യമ, പ്രക്ഷേപണ പ്രവർത്തനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഡ്രോൺ ഉപയോഗിക്കുന്നതിന് പെർമിറ്റുകൾ നിർബന്ധമാണ്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 7 പ്രകാരം, എല്ലാ ഡ്രോൺ ഉടമകളും ഏതെങ്കിലും പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ്, അല്ലെങ്കിൽ യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയിൽ അവരുടെ വിമാനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. എമിറേറ്റിൽ ഉപയോഗിക്കുന്ന ഡ്രോണുകളിൽ രജിസ്ട്രേഷൻ നമ്പറുകളോ അംഗീകൃത ഐഡന്റിഫയറുകളോ ഉൾപ്പെടെ വ്യക്തമായ തിരിച്ചറിയൽ അടയാളങ്ങൾ ഉണ്ടായിരിക്കണം. രജിസ്റ്റർ ചെയ്യാത്ത ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും, പരീക്ഷിക്കുക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 9 പ്രകാരം, ഷാർജയിൽ സിവിൽ ഏവിയേഷൻ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകളുടെ രൂപകൽപ്പന, നിർമ്മാണം, അസംബ്ലി, പരിഷ്ക്കരണം, അറ്റകുറ്റപ്പണി, പരിശോധന, നന്നാക്കൽ, സിമുലേഷൻ വികസനം അല്ലെങ്കിൽ പൈലറ്റ് പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 13 പ്രകാരം, ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ്, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ഏകോപിപ്പിച്ച്, കൊണ്ട് ഡ്രോൺ പറക്കൽ പാതകളും വ്യോമാതിർത്തി ഉപയോഗവും ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ്. ഇതിന്റെ ഭാഗമായി വ്യോമാതിർത്തിയെ അംഗീകൃത മേഖലകൾ, നിയന്ത്രിത മേഖലകൾ, നിരോധിത മേഖലകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നതാണ്.

ജനസാന്ദ്രത, കെട്ടിടങ്ങളുടെ ഉയരം, ലാൻഡിംഗ് ഏരിയകളിലേക്കുള്ള സാമീപ്യം, സൈനിക, സിവിലിയൻ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വ്യോമയാന സുരക്ഷാ പരിഗണനകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം അതിർത്തികൾ നിശ്ചയിക്കുന്നത്. ഇതിൽ അംഗീകൃത മേഖലകളിൽ മാത്രമാണ് ഡ്രോൺ പ്രവർത്തനങ്ങൾ അനുവദിക്കുന്നത്.