സൗദിയിലേക്ക് പ്രവേശിക്കുന്നവർ 40000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ വെളിപ്പെടുത്തേണ്ടതാണ്

GCC News

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന യാത്രികർ തങ്ങളുടെ കൈവശം 40000 റിയാലോ അതിൽ കൂടുതലോ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ, ആഭരണങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തേണ്ടതാണ്. 2026 ജൂൺ 26-നാണ് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നേരത്തെ ഇത്തരം യാത്രികർ 60,000 റിയാലിൽ കൂടുതൽ മൂല്യമുള്ള സ്വർണ്ണവും മറ്റു വസ്തുക്കളുമാണ് സൗദി കസ്റ്റംസിൽ വെളിപ്പെടുത്തേണ്ടിയിരുന്നത്. ഈ പരിധി ഇപ്പോൾ 60,000 റിയാലിൽ നിന്ന് 40,000 റിയാലാക്കി കുറച്ചതായി സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിലെ ഈ പുതിയ ചട്ടങ്ങൾ പ്രകാരം, യാത്രക്കാർ സൗദി കസ്റ്റംസിൽ രേഖാമൂലമുള്ള ഒരു ഡിക്ലറേഷൻ സമർപ്പിക്കുകയും കൈവശമുളള ഇത്തരം വസ്തുക്കളുടെ മൂല്യം പരിശോധിക്കുന്നതിന് ഇൻവോയ്സ് പോലുള്ള വസ്തുക്കൾ വാങ്ങിയതിന്റെ തെളിവ് നൽകുകയും ചെയ്യേണ്ടതാണ്.

ഇത്തരം വസ്തുക്കൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് അധികാരികൾ നിർണ്ണയിക്കുന്ന സാഹചര്യങ്ങളിൽ ഏകീകൃത കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്. വെളിപ്പെടുത്താത്ത പണം, വിലയേറിയ ലോഹങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ, സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വത്തുക്കൾ എന്നിവ 72 മണിക്കൂർ വരെ പിടിച്ചെടുക്കാൻ ഈ പുതിയ ചട്ടങ്ങൾ ZATCA-യ്ക്ക് അധികാരം നൽകുന്നു.

കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച സംശയിക്കപ്പെടുന്ന കേസുകൾ പബ്ലിക് പ്രോസിക്യൂഷനും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനും കൈമാറുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമലംഘനം ഉൾപ്പെടാത്ത ആദ്യ തവണയുള്ള നിയമലംഘനങ്ങൾക്ക് വെളിപ്പെടുത്താത്ത ആസ്തികളുടെ മൂല്യത്തിന്റെ 10 ശതമാനം മുതൽ 25 ശതമാനം വരെ പിഴ ചുമത്തുന്നതും, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പിഴ 50 ശതമാനമായി ഉയരുന്നതുമാണ്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുന്നതാണ്.