സൗദി: അതിർത്തി സുരക്ഷ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ, 15 വർഷം തടവ്

GCC News

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങൾ ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും ലംഘനമായി കണക്കാക്കുന്നതായും, അവ അറസ്റ്റ് ആവശ്യമായ ഒരു പ്രധാന കുറ്റകൃത്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2026 ജൂൺ 29-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അതിർത്തി സുരക്ഷാ നിയമ ലംഘകർക്ക് സൗദി അറേബ്യയിലേക്ക് നുഴഞ്ഞ് കയറാൻ വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, ഇത്തരക്കാർക്ക് താമസസൗകര്യങ്ങൾ ഒരുക്കുന്നതും, രാജ്യത്ത് തൊഴിൽ നൽകുന്നതും, വിവിധ രീതിയിലുള്ള മറ്റു സേവനങ്ങൾ നൽകുന്നതും, ഗുരുതരമായ കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ പേരുവിവരങ്ങൾ അവരുടെ ചെലവിൽ തന്നെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിബന്ധനകളിലെ വീഴ്ച്ചകളും, റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനയ്യായിരത്തിലധികം പേരെയാണ് 2026 ജൂൺ 18 മുതൽ 2026 ജൂൺ 24 വരെയുള്ള ഒരാഴ്ച്ചയ്ക്കിടയിൽ സൗദി അധികൃതർ അറസ്റ്റ് ചെയ്തത്.