നികുതി പിഴ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയതായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. 2026 ജൂൺ 29-നാണ് ZATCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#ZATCA extends the Exemption of Fines Initiative until December 31, 2026.
— هيئة الزكاة والضريبة والجمارك (@Zatca_sa) June 29, 2026
എല്ലാ നികുതി വ്യവസ്ഥകൾക്കും വിധേയമായി നികുതിദായകർക്കുള്ള പിഴകളും സാമ്പത്തിക പിഴകളും എഴുതിത്തള്ളുന്നതിനുള്ള സംരംഭം 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആറ് മാസത്തേക്ക് കൂടി നീട്ടാൻ ധനമന്ത്രി തീരുമാനിച്ചതായി ZATCA പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ നികുതി സംവിധാനങ്ങളിലും വൈകി രജിസ്ട്രേഷൻ ചെയ്യുന്നതും, നികുതി അടയ്ക്കൽ വൈകുന്നതും, നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്നതും, മൂല്യവർധിത നികുതി (VAT) റിട്ടേണുകളുടെ തിരുത്തൽ എന്നിവ ഉൾപ്പടെയുള്ള പിഴകൾക്ക് ഈ സംരംഭം ഇളവുകൾ നൽകുന്നതായി ZATCA വ്യക്തമാക്കിയിട്ടുണ്ട്.
ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുന്നതിന്, നികുതിദായകർ നികുതി ആവശ്യങ്ങൾക്കായി ZATCA-യിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും, ആവശ്യമായ എല്ലാ നികുതി റിട്ടേണുകളും സമർപ്പിക്കണമെന്നും, കുടിശ്ശികയുള്ള നികുതി ബാധ്യതകളുടെ മുഴുവൻ മൂലധനവും തീർപ്പാക്കണമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
നികുതിദായകർക്ക് തവണവ്യവസ്ഥകളിൽ നികുതി കുടിശ്ശികകൾ അടച്ച് തീർക്കുന്നതിന് അപേക്ഷിക്കാമെന്നും ZATCA അറിയിച്ചിട്ടുണ്ട്. പദ്ധതി സാധുതയുള്ള സമയത്ത് അപേക്ഷ സമർപ്പിക്കുകയും അതോറിറ്റി അംഗീകരിച്ച പേയ്മെന്റ് ഷെഡ്യൂൾ അനുസരിച്ച് എല്ലാ തവണകളും അതത് തീയതികളിൽ അടയ്ക്കുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
നികുതി വെട്ടിപ്പ് ലംഘനങ്ങളിൽ നിന്ന് ഉണ്ടാകുന്ന പിഴകൾ, വാറ്റ് നിയമത്തിലെ ആർട്ടിക്കിൾ 45 പ്രകാരം ചുമത്തിയ പിഴകൾ, പദ്ധതി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അടച്ച പിഴകൾ, അല്ലെങ്കിൽ 2026 ജൂൺ 30 ന് ശേഷം അടയ്ക്കേണ്ട ഏതെങ്കിലും നികുതി റിട്ടേണുമായി ബന്ധപ്പെട്ട പിഴകൾ എന്നിവയെ ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
Cover Image: Pixabay.

