യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. 2026 ഒക്ടോബർ 14-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം, സമഗ്ര സാമ്പത്തിക പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.

അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതിയും, ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകളെ പിന്തുണയ്ക്കുന്ന മറ്റ് മേഖലകളിലെ പുരോഗതിയും ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞർ അവലോകനം ചെയ്തു.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള ആഴമേറിയതും ദീർഘകാലമായി നിലനിൽക്കുന്നതുമായ ബന്ധത്തെ എടുത്തുപറഞ്ഞുകൊണ്ട് ഷെയ്ഖ് അബ്ദുള്ള ഡോ. ജയശങ്കറിനെ സ്വാഗതം ചെയ്തു. വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനും, ജനങ്ങൾക്ക് സമൃദ്ധി കൊണ്ടുവരുന്നതിനുമായി ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഇരുരാജ്യങ്ങൾക്കുമുള്ള പൊതുവായ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.