സൗദി അറേബ്യ: COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

പൊതുസമൂഹത്തിലെ കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കുന്ന രീതിയിൽ രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള മുൻഗണനാ വിഭാഗങ്ങൾക്ക് കുത്തിവെപ്പ് നൽകിയതായും, ഇതിനാൽ കൂടുതൽ വിഭാഗങ്ങളെ വാക്സിനേഷൻ യത്നത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മാർച്ച് 11-നാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതിനായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവനദാതാക്കളുടെ സഹകരണം ഉറപ്പ് വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ ‘Sehatty’ ആപ്പ് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി. രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലി പുറത്ത് വിട്ട കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 15 ലക്ഷത്തോളം പേർ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.

റിയാദിൽ കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് നൽകുന്ന മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായും ആരോഗ്യ മന്ത്രലയം അറിയിച്ചിട്ടുണ്ട്. അൽ നദ്‌വ ഹെൽത്ത് സെന്റർ, അൽ മാസ്യാഫ് സെന്റർ, അൽ ജസീറ സെന്റർ എന്നീ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം 24 മണിക്കൂറാക്കി നീട്ടുന്നതിനൊപ്പം, ഈ കേന്ദ്രങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.