കുവൈറ്റ്: ജൂലൈ 19 വരെ പാസ്സ്‌പോർട്ട്, വിസ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി

GCC News

2026 ജൂലൈ 19 വരെ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഭരണപരമായ കാരണങ്ങളാലാണ് ഈ നിയന്ത്രണം. ഈ അറിയിപ്പ് പ്രകാരം ജൂലൈ 19 വരെ അടിയന്തര കേസുകൾക്ക് മാത്രമായി പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഈ കാലയളവിൽ തങ്ങളുടെ അപേക്ഷകളുടെ അടിയന്തര സ്വഭാവം തെളിയിക്കുന്ന രേഖകൾ നൽകുന്ന അപേക്ഷകർക്ക് മാത്രമേ സേവനങ്ങൾ നൽകുകയുള്ളൂ എന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ താഴെ പറയുന്നവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾക്കുള്ള അപേക്ഷകളാണ് എംബസി ഈ കാലയളവിൽ പരിഗണിക്കുന്നത്:

  • തത്കാൽ പാസ്‌പോർട്ട് വിതരണം.
  • എൻആർഐ സർട്ടിഫിക്കറ്റുകൾ.
  • സിവിൽ ഐഡി കാലാവധി കഴിയുന്ന അപേക്ഷകർക്കുള്ള ഹ്രസ്വകാല പാസ്‌പോർട്ടുകൾ.
  • എമർജൻസി സർട്ടിഫിക്കറ്റുകൾ.
  • ഇ-വിസകൾ.

ഈ കാലയളവിൽ താഴെ പറയുന്നവ ഉൾപ്പടെയുളള പതിവ് സേവനങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുകയോ, അവയിൽ നടപടികൾ കൈക്കൊള്ളുകയോ ചെയ്യുന്നതല്ല:

  • സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ.
  • പാസ്‌പോർട്ട് അറ്റസ്റ്റേഷൻ സേവനങ്ങൾ.
  • സാധാരണ വിസ അപേക്ഷകൾ.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈറ്റിലെ എല്ലാ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

അടിയന്തര സേവനങ്ങൾ ആവശ്യമാകുന്ന അപേക്ഷകർ ആവശ്യമായ സഹായ രേഖകളുമായി രാവിലെ 9-നും ഉച്ചയ്ക്ക് 12-നും ഇടയിൽ എംബസിയുടെ കോൺസുലാർ വിംഗിൽ എത്തണമെന്ന് എംബസി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് ഔദ്യോഗിക അപ്‌ഡേറ്റുകൾ പരിശോധിക്കാൻ ഇന്ത്യൻ പൗരന്മാരോടും മറ്റ് അപേക്ഷകരോടും എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്.