ദോഫാറിൽ വന്യമൃഗങ്ങളെ ചിത്രീകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്ന ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 11-നാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#هيئة_البيئة | تنبيه حول قيام بعض صُنّاع المحتوى بملاحقة وتصوير الحيوانات البرية في محافظة ظفار، حيث يُعد هذا الفعل مخالفة قانونية، لما يترتب عليه من أضرار بالحياة الفطرية.
— هيئة البيئة – عُمان (@ea_oman) July 11, 2026
وتؤكد الهيئة أنها ستتخذ الإجراءات القانونية بحق المخالفين حفاظًا على البيئة الطبيعية في سلطنة عُمان. pic.twitter.com/BHP0j6juo5
വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ അനധികൃതമായി ചിത്രീകരിക്കുന്നതും, പിന്തുടരുന്നതും വന്യജീവികളെ ദോഷകരമായി ബാധിക്കുകയും ആവാസവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും, ആളുകളെ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ഇത്തരം പ്രവർത്തികൾ ഒമാനിലെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ദോഫാർ ഗവർണറേറ്റിലെ പ്രകൃതിദത്ത പരിതസ്ഥിതികളിലെ വന്യമൃഗങ്ങളെ ചിത്രീകരിക്കുകയും, അവയെ പിന്തുടരുകയും ചെയ്യുന്ന ഏതാനം സോഷ്യൽ മീഡിയ ഉള്ളടക്ക സ്രഷ്ടാക്കളുടെ പ്രവർത്തികൾ അടുത്തിടെ നിരീക്ഷിച്ചതായി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റങ്ങളാണിവയെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മൃഗങ്ങളെ പിന്തുടരുകയോ അവയുടെ അടുത്ത് സമീപിക്കുകയോ ചെയ്യുന്നത് സമ്മർദ്ദത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നും അവയുടെ സ്വാഭാവിക സ്വഭാവത്തിൽ മാറ്റം വരുത്തുമെന്നും മൃഗങ്ങൾക്കും മനുഷ്യർക്കും പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. വന്യജീവികളുമായുള്ള ഇടപെടലുകളെ നിയന്ത്രിക്കുന്നത്തിനായി ഒമാൻ നിർമ്മിച്ചിട്ടുള്ള ചട്ടങ്ങളും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.
മുൻകൂർ അനുമതിയില്ലാതെ വന്യമൃഗങ്ങളെ ചിത്രീകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്നത് ഒമാന്റെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും വന്യജീവി സംരക്ഷണ നിയമങ്ങളുടെയും ലംഘനമാണെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. അതോറിറ്റിയുടെ ഈ പ്രസ്താവന പ്രകാരം, ഇത്തരം പ്രവർത്തനങ്ങൾ ഒമാനിലെ ഔദ്യോഗിക ഉത്തരവ് ‘6/2003’ പ്രകാരം പുറപ്പെടുവിച്ച പ്രകൃതി സംരക്ഷണ, വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും ലംഘനമായി കണക്കാക്കുന്നതാണ്.
ഇത്തരം കുറ്റകരമായ ഉള്ളടക്കം നിരീക്ഷിക്കുന്നതിനും നിയമലംഘകർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച് കൊണ്ട് പ്രവർത്തിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

