അബുദാബി: ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കും

GCC News

അബുദാബിയിൽ പൊതു ഗതാഗത രംഗത്തെ ബസ് സർവീസുകൾ ഏപ്രിൽ 25, ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ പുനരാരംഭിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ അബുദാബിയിൽ ഏപ്രിൽ 23 മുതൽ ബസ് സർവീസുകൾ അണുനശീകരണ പ്രവർത്തനങ്ങൾക്കായി 48 മണിക്കൂർ നേരത്തേക്ക് താത്കാലികമായി നിർത്തലാക്കിയിരുന്നു.

അബുദാബിയിൽ പൊതു ഗതാഗതത്തിനായി സർവീസിലുള്ള 632 ബസുകൾ ഈ 48 മണിക്കൂർ കാലാവധി കൊണ്ട് പൂർണ്ണമായും അണുവിമുക്തമാക്കിയതായി DMT അറിയിച്ചു. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പ്രവർത്തി സഹായമായതായും അധികൃതർ വ്യക്തമാക്കി.

ബസുകൾ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് അണുവിമുക്തമാകുന്നതിന്റെ ദൃശ്യങ്ങളും DMT സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.