വേനൽ കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകൾക്ക് അബുദാബി പോലീസ് നിർദ്ദേശം നൽകി. 2026 ജൂൺ 20-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تحذر من ترك مواد قابلة للاشتعال داخل المركبات صيفًا
— شرطة أبوظبي (@ADPoliceHQ) June 20, 2026
دعت القيادة العامة لشرطة أبوظبي، ضمن حملة «صيّف بأمان» وحملة وزارة الداخلية «صيف بلا حوادث»، السائقين وأفراد المجتمع إلى تجنب ترك بعض المقتنيات داخل المركبات خلال فصل الصيف، حفاظاً على السلامة العامة… pic.twitter.com/08xFV6C5Tm
അബുദാബി പോലീസ് രൂപം നൽകിയിട്ടുള്ള ‘സേഫ് സമ്മർ’ പ്രചാരണ പരിപാടി, യു എ ഇ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന “അപകടരഹിത വേനൽ” പ്രചാരണ പരിപാടി എന്നിവയുടെ ഭാഗമായാണ് ഈ നിർദ്ദേശം.
വേനൽക്കാലത്ത് വാഹനങ്ങൾക്കുള്ളിൽ അപകടകരമായേക്കാവുന്ന വസ്തുക്കൾ ഉപേക്ഷിക്കുന്നത് ഉയർന്ന താപനില മൂലം തീപിടുത്തത്തിനും മറ്റ് അപകടങ്ങൾക്കും കരണമായേക്കാമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശമോ ഉയർന്ന താപനിലയോ ഏൽക്കുന്ന വാഹനങ്ങൾക്കുള്ളിൽ താഴെ പറയുന്ന ആറ് വിഭാഗത്തിലുള്ള വസ്തുക്കൾ വെച്ച് പോകരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:
- ഉയർന്ന സമ്മർദ്ദത്തിൽ വാതകങ്ങളോ മറ്റോ സൂക്ഷിച്ചിട്ടുള്ള പ്രഷറൈസ്ഡ് കണ്ടെയ്നറുകൾ.
- ബാറ്ററികളും ഊർജ്ജ സംഭരണ ഉപകരണങ്ങളും.
- ഹാൻഡ് സാനിറ്റൈസറുകൾ.
- പെർഫ്യൂമുകൾ.
- ഗ്യാസ് സിലിണ്ടറുകൾ.
- സിഗരറ്റ് ലൈറ്ററുകൾ.
ദീർഘനേരം ചൂടാകുമ്പോൾ ഇത്തരം വസ്തുക്കൾ തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ അസ്ഥിരമാകുകയോ ചെയ്തേക്കാമെന്നും, ഇത് വാഹനങ്ങൾക്ക് തീപിടിക്കാനും ഡ്രൈവർമാർക്കും യാത്രക്കാർക്കും സമീപത്തുള്ള സ്വത്തിനും അപകടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അംഗീകൃത സർവീസ് സെന്ററുകളിൽ നിന്ന് വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്താനും, വാഹനങ്ങളിലെ സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, വാഹനങ്ങൾക്കുള്ളിൽ എമിറേറ്റിൽ അംഗീകരിച്ചിട്ടുള്ളതും, കൃത്യമായി പ്രവർത്തിക്കുന്നതുമായ അഗ്നിശമനോപകരണങ്ങൾ, പ്രഥമശുശ്രൂഷ കിറ്റ് എന്നിവ സൂക്ഷിക്കാനും വാഹന ഉടമകളോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

