ഒമാൻ: വാണിജ്യ സ്ഥാപനങ്ങൾക്ക് 2027 ഏപ്രിൽ മുതൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കുന്നു

GCC News

ഒമാനിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് 2027 ഏപ്രിൽ 1 മുതൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കുന്നു.

2026 ഓഗസ്റ്റ് 9-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ട് ഘട്ടങ്ങളായാണ് ഒമാനിൽ ഇത് നടപ്പിലാക്കുന്നത്.

5 മില്യൺ റിയാലിൽ കൂടുതൽ വാർഷിക സപ്ലൈകൾ ഉള്ള കമ്പനികൾ 2027 ഏപ്രിൽ 1 മുതൽ ഈ സംവിധാനത്തിന് കീഴിൽ വരുന്നതാണ്. ഈ പരിധിയ്ക്ക് താഴെ വരുന്ന കമ്പനികൾക്ക് 2027 ഒക്ടോബർ 1 മുതൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കുന്നതാണ്.

മൂല്യവർധിത നികുതി നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന ഉത്തരവ് ‘189/2026’ പ്രകാരമാണ് തീരുമാനം. നികുതി ഇൻവോയ്‌സുകൾ അവയുടെ സമഗ്രത, സുരക്ഷ, ശരിയായ സംഭരണം എന്നിവ ഉറപ്പാക്കുന്ന അംഗീകൃതവും സുരക്ഷിതവുമായ ഇലക്ട്രോണിക് ഫോർമാറ്റിൽ നൽകണമെന്ന് ഈ ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നു.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ നികുതി അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക ആവശ്യകതകൾക്കനുസൃതമായി, ഇലക്ട്രോണിക് നികുതി ഇൻവോയ്‌സുകൾ അംഗീകൃത ഇലക്ട്രോണിക് ഫോർമാറ്റിൽ നൽകുകയും കൈമാറുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.