ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു

GCC News

യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു. 2026 സെപ്റ്റംബർ 17-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

35-മത് അബുദാബി അന്താരാഷ്‌ട്ര പുസ്തകമേളയുടെ ഹാളുകളും പ്രധാന പവലിയനുകളും അദ്ദേഹം സന്ദർശിച്ചു.

പ്രസാധകരുമായി സംവദിച്ച അദ്ദേഹം പ്രസിദ്ധീകരണം, വായന, വിവർത്തനം എന്നിവയെ പിന്തുണയ്ക്കുകയും അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക സംരംഭങ്ങൾ, പ്രസിദ്ധീകരണങ്ങൾ, വിജ്ഞാനാധിഷ്ഠിത പരിപാടികൾ എന്നിവ അവലോകനം ചെയ്തു.

പരിപാടിയുടെ സംഘടനാ ശ്രമങ്ങളെയും അത് നൽകുന്ന ഉള്ളടക്കത്തെയും സാംസ്കാരിക അനുഭവങ്ങളെയും ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് സന്ദർശനവേളയിൽ പ്രശംസിച്ചു. മേളയിലെ പ്രാദേശിക, അറബ്, അന്തർദേശീയ പങ്കാളിത്തങ്ങളുടെ വൈവിധ്യത്തിന് പുറമേ, സംസ്കാരത്തിനും പ്രസിദ്ധീകരണ വ്യവസായത്തിനും വേണ്ടിയുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഇത് പ്രതിഫലിപ്പിക്കുന്നു.

2026 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 18 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.

‘ടേൺ ദി പേജ്, റീഡ് ദി വേൾഡ്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്.

മുപ്പത്തിയഞ്ചാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2026 സെപ്റ്റംബർ 13-ന് യു എ ഇ ഉപപ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തിരുന്നു. 95 രാജ്യങ്ങളിൽ നിന്നുള്ള 1200-ഓളം പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.