ഒമാൻ: മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് അറിയിപ്പ്

GCC News

രാജ്യത്ത് പത്രപ്രവർത്തന മേഖലയിൽ തൊഴിലെടുക്കുന്നവർക്കും, മാധ്യമ സംബന്ധിയായ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. 2026 സെപ്റ്റംബർ 21-നാണ് ഒമാൻ വാർത്താവിനിമയ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർ ഔദ്യോഗിക ലൈസൻസ് നേടേണ്ടതാണെന്നും, ഇത്തരം ലൈസൻസുകൾ രണ്ട് വർഷത്തേക്കാണ് അനുവദിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലൈസൻസുകൾ അവയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കേണ്ടതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പത്രപ്രവർത്തനം അല്ലെങ്കിൽ മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനമാണ് ഇത്തരം ഔദ്യോഗിക ലൈസൻസ് എന്നും, അംഗീകൃത ചട്ടങ്ങൾക്കും, ചട്ടക്കൂടുകൾക്കും അനുസൃതമായി മാധ്യമ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ ലൈസൻസ് സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒരു മാധ്യമ സ്ഥാപനത്തിലോ ഓൺലൈൻ മാധ്യമ സ്ഥാപനത്തിലോ പ്രവർത്തിക്കുന്ന ഏതൊരാൾക്കും വാർത്താവിനിമയ മന്ത്രാലയം നൽകുന്ന ഔദ്യോഗിക ലൈസൻസ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വർഷത്തെ സാധുതയുള്ള ഇത്തരം ലൈസൻസുകൾ അവയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനുള്ളിൽ പുതുക്കേണ്ടതാണ്.