ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള ദുബായ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

GCC News

യു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള ദുബായ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. 2026 സെപ്റ്റംബർ 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്ത ചടങ്ങിൽ വെച്ച് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാനും എത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് ദുബായിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, മറ്റു നിരവധി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

2026 സെപ്റ്റംബർ 30-ന് അബുദാബി, ദുബായ്, ഫുജൈറ എന്നിവയ്ക്കിടയിൽ ഇത്തിഹാദ് റെയിൽ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ ഉദ്ഘാടനം.

യാത്രാ ട്രെയിൻ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി, യു എ ഇ പ്രസിഡന്റ് എത്തിഹാദ് റെയിലിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്തു.

ഇത്തിഹാദ് റെയിലിന്റെ പ്രവർത്തനങ്ങൾ, ദേശീയ ലക്ഷ്യങ്ങൾ, യാത്രാ സേവനങ്ങൾ എന്നിവ ഈ യാത്രയ്ക്കിടെ അദ്ദേഹം വിലയിരുത്തി.