റോഡുകളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ ഫുജൈറ പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. 2026 ഒക്ടോബർ 22-നാണ് ഫുജൈറ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#شرطة_الفجيرة #fujairah_police #fuj #الفجيرة #الشاحنات https://t.co/6ywmI0Lbk1
— شرطة الفجيرة (@FujPoliceGHQ) October 22, 2026
എമിറേറ്റിലുടനീളമുള്ള റോഡുകളിൽ ഭാരമേറിയ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഗതാഗതം ഉയരുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം സൂക്ഷിക്കാനും, റോഡുകളിൽ ക്ഷമയോടെ പെരുമാറാനും ഫുജൈറ പോലീസ് വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
റോഡിലെ വേഗപരിധി സംബന്ധിച്ച നിയമങ്ങൾ അനുസരിക്കണമെന്നും, അനാവശ്യമായും അക്രമാസക്തമായും ഹോൺ മുഴക്കുന്നത് ഒഴിവാക്കണമെന്നും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കാനിടയുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കാനും, റോഡുകളിൽ ഉത്തരവാദിത്തത്തോടെ ഡ്രൈവ് ചെയ്യാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രക്കുകൾക്കും ഭാരവാഹനങ്ങൾക്കും ഒപ്പം റോഡുകളിൽ സഞ്ചരിക്കുന്ന അവസരങ്ങളിൽ സ്വന്തം ലെയ്നിൽ തന്നെ തുടരാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമാണ്, സുരക്ഷിതമായ ഡ്രൈവിംഗ് എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ എന്ന സന്ദേശവും പോലീസ് ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്.
Cover Image: @FujPoliceGHQ

