യു എ ഇ: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള രണ്ട് പുതിയ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

GCC News

യു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള, അൽ ദഫ്ര മേഖലയിലെ രണ്ട് പുതിയ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. 2026 നവംബർ 27-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അൽ ദഫ്ര മേഖലയിലെ എത്തിഹാദ് റെയിലിന്റെ മദീനത്ത് സായിദ്, ലിവ പാസഞ്ചർ സ്റ്റേഷനുകളാണ് 2026 നവംബർ 27-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് ഈ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തത്.

Source: Abu Dhabi Media Office.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാനും എത്തിഹാദ് റെയിൽ ചെയർമാനുമായ H.H. ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

Source: Abu Dhabi Media Office.

ഉദ്ഘാടനത്തിന് ശേഷം ഇരുവരും മദീനത്ത് സായിദ് സ്റ്റേഷനിൽ നിന്ന് ലിവാ സ്റ്റേഷനിലേക്ക് ഒരു പ്രത്യേക പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തു.

Source: Abu Dhabi Media Office.

യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള പ്രവർത്തന സജ്ജീകരണങ്ങൾ, അവർക്ക് ലഭ്യമാകുന്ന സേവനങ്ങൾ, യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും യാത്ര തടസ്സരഹിതമാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് എത്തിഹാദ് റെയിൽ സി.ഇ.ഒ ഷാദി മലക് അവർക്ക് വിശദീകരിച്ചു നൽകി. ലിവാ സ്റ്റേഷനിൽ എത്തിയ അവർ, സ്റ്റേഷനും അവിടെയുള്ള സൗകര്യങ്ങളും സംവിധാനങ്ങളും നേരിട്ട് പരിശോധിച്ചു.

Source: Abu Dhabi Media Office.

അൽ ദഫ്‌റ ഉത്സവ സീസൺ, മേഖലയിലെ വാർഷിക പരിപാടികൾ എന്നിവയുടെ ആരംഭിക്കുന്നതിന് മുന്നോടിയായി യു എ ഇയുടെ ദേശീയ റെയിൽ ശൃംഖല അൽ ദഫ്ര മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സ്റ്റേഷനുകൾ നേരത്തെ തുറന്നത്.

യാത്രാ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2026 നവംബർ 30 മുതൽ ഇരു സ്റ്റേഷനുകളിലേക്കും യാത്രക്കാരെ സ്വീകരിച്ചു തുടങ്ങും. മദീനത്ത് സായിദ്, ലിവ പാസഞ്ചർ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തതോടെ ഈ ശൃംഖലയിൽ പ്രവർത്തനസജ്ജമായ സ്റ്റേഷനുകളുടെ ആകെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്.