യു എ ഇ സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി H.E. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ രണ്ടാമത് അൽ ഐൻ ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (AAIHEX) സന്ദർശിച്ചു. 2026 നവംബർ 26-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Nahyan bin Mubarak visits Al Ain International Hunting & Equestrian Exhibition 2026, praises strong growth in its second edition #WamNews https://t.co/dBN2crOGNj https://t.co/HG8kbNvwbC
— WAM English (@WAMNEWS_ENG) November 26, 2026
ഷെയ്ഖ് നഹ്യാനൊപ്പം ADNEC ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹുമൈദ് മതർ അൽ ദാഹേരിയും ഗ്രൂപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം, അവിടെയുള്ള വിവിധ വിഭാഗങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി.

പ്രദർശകർ തങ്ങളുടെ പ്രധാന ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. വേട്ടയാടൽ, ഫാൽക്കൺ വളർത്തൽ, കുതിരസവാരി തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള യു എ ഇ കമ്പനികളും, പങ്കെടുത്ത അന്താരാഷ്ട്ര ബ്രാൻഡുകളും ഇതിൽ ഉൾപ്പെടുന്നു.

പ്രദർശനത്തിന്റെ നടത്തിപ്പിനെയും അവിടെ പ്രദർശിപ്പിച്ചിരുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളെയും ഷെയ്ഖ് നഹ്യാൻ അഭിനന്ദിച്ചു. പരിപാടിയുടെ രണ്ടാം പതിപ്പിൽ പങ്കാളിത്തം വിപുലീകരിക്കുന്നതിനും മികച്ച വളർച്ച കൈവരിക്കുന്നതിനുമായി ADNEC ഗ്രൂപ്പും പങ്കാളികളും നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

രണ്ടാമത് അൽ ഐൻ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ 2026 നവംബർ 25-ന് ആരംഭിച്ചിരുന്നു. അൽ ഐനിലെ അഡ്നെക് (ADNEC) സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് AAIHEX നവംബർ 29 വരെ നീണ്ട് നിൽക്കും. ADNEC ഗ്രൂപ്പ്, എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഈ പരിപാടിയുടെ രണ്ടാം പതിപ്പിൽ 14 പ്രത്യേക മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടയാടലിനും ക്യാമ്പിംഗിനുമുള്ള ഉപകരണങ്ങൾ, വിനോദ സഞ്ചാര വാഹനങ്ങൾ, ഫാൽക്കണറി ഉപകരണങ്ങൾ, കുതിരപ്പന്തയവും അനുബന്ധ കായിക ഇനങ്ങളും, വേട്ടയാടൽ-സഫാരി ടൂറിസം, പരിസ്ഥിതി സംരക്ഷണം, കലയും കരകൗശല വസ്തുക്കളും, ഒട്ടകങ്ങൾ, അറേബ്യൻ സലൂക്കി നായ്ക്കൾ, മൃഗചികിത്സാ ഉൽപ്പന്നങ്ങളും സേവനങ്ങളും, വേട്ടയാടലിനും ഷൂട്ടിംഗിനുമുള്ള ഉപകരണങ്ങൾ എന്നിങ്ങനെയുള്ള പ്രധാന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
WAM

