പ്രവാസികളുമായുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലെത്തി

India News

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ ഇന്ത്യയിലേക്കെത്തിക്കുന്ന നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി 363 പ്രവാസികളുമായി യു എ ഇയിൽ നിന്നുള്ള ആദ്യ രണ്ട് വിമാന സർവീസുകൾ മെയ് 7, വ്യാഴാഴ്ച്ച രാത്രി സുരക്ഷിതമായി കേരളത്തിൽ തിരികെയെത്തി.

പ്രവാസികളുമായുള്ള ആദ്യ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വ്യാഴാഴ്ച്ച വൈകീട്ട് 5.07-നാണ് യാത്രയാരംഭിച്ചത്. 177 യാത്രികരും 4 കുട്ടികളുമായാണ് ഈ വിമാനം കൊച്ചിയിലേക്ക് തിരിച്ചത്. അബുദാബി എയർപോർട്ടിൽ വെച്ച് നടന്ന ആരോഗ്യ സുരക്ഷാ പരിശോധനകളിൽ ഇവരിൽ ആർക്കും COVID-19 ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല.

രണ്ടാമത്തെ വിമാനം ദുബായിൽ നിന്നും വ്യാഴാഴ്ച്ച വൈകീട്ട് 5.46-നു കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. 177 യാത്രികരും 5 കുട്ടികളുമാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. തിരികെ നാട്ടിലെത്തിയ ഇവരെ പ്രത്യേക ആരോഗ്യ സുരക്ഷാ പരിശോധനകൾക്ക് വിധേയരാക്കി.