യു എ ഇ: ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പങ്കുവെക്കരുതെന്ന് താക്കീത്

GCC News

വിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA). സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും, സമൂഹത്തിൽ തെറ്റിദ്ധാരണകൾ പരത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കാൻ ADAFSA ആഹ്വാനം ചെയ്തു.

ഇത്തരത്തിലുള്ള വിവരങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയശേഷം മാത്രമേ മറ്റുള്ളവരിലേക്ക് അവ പങ്കുവെക്കാവു എന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകൾ മാത്രം പിന്തുടരാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

ഭക്ഷ്യ സംബന്ധമായ തെറ്റായ വിവരങ്ങൾ പങ്കുവെക്കുമ്പോൾ അവ സമൂഹത്തിൽ ആശങ്കകൾക്കിടയാക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന പല വാർത്തകളും, പലപ്പോഴും പ്രത്യേക ബ്രാൻഡുകളുടെ പ്രചാരണത്തിനോ അല്ലെങ്കിൽ എതിരാളികളുടെ ഉത്പന്നങ്ങളെ മോശമായി ചിത്രീകരിക്കാനായി നിർമ്മിച്ചവയോ ആണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകൾ ജനങ്ങളുടെ ഇടയിൽ ആരോഗ്യപരമായ ഭക്ഷണരീതികളിൽ മാറ്റങ്ങൾക്ക് ഇടയാക്കാനും, പോഷകാഹാരങ്ങൾ പാടെ ഉപേക്ഷിക്കാനും എല്ലാം ഇടയാക്കുന്നുണ്ട്.

പഴയ വാർത്തകൾ, തെറ്റിദ്ധാരണകൾക്കിടയാക്കുന്ന രീതിയിൽ നിർമ്മിച്ച വാർത്തകൾ, ധാർമികമല്ലാത്ത വാണിജ്യ രീതികൾ പ്രോത്സാഹിപ്പിക്കുന്ന വാർത്തകൾ മുതലായവയെല്ലാം ഇത്തരത്തിൽ സമൂഹത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനായി പലരും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെടുന്നതായി ADAFSA വ്യക്തമാക്കി. ഈ പ്രവണത ചെറുക്കുന്നതിനായി ഭക്ഷ്യ-മേഖലയിലെ അറിയിപ്പുകളുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി ADAFSA വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും, ഇത്തരം തെറ്റായ വാർത്തകളെ വിശകലനം ചെയ്ത് അവയുടെ സത്യാവസ്ഥ പൊതുസമൂഹത്തിലേക്കെത്തിക്കാൻ ഈ ശ്രമങ്ങൾ സഹായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾക്ക് ഭക്ഷ്യ വിഭവങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്ക് ADAFSA-യുമായി സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് അവ അധികൃതരെ അറിയിക്കുന്നതിനായി 800555 എന്ന ടോൾ ഫ്രീ സേവനം ഉപയോഗിക്കാം.